തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗുണ്ടകൾ വിലസുന്നത് തലസ്ഥാനത്താണെന്ന പൊലീസിന്റെ കണക്കുകൾ നിലനിൽക്കുമ്പോഴും ഇവിടുത്തെ ഗുണ്ടാ അധോലോകത്തിന്റെ ആഴം പൊലീസിന് തന്നെ പിടിയില്ലെന്നതാണ് സത്യം.
കൈയിലൊതുങ്ങുന്ന ചെറു ഗുണ്ടകളെ പിടികൂടിയെന്ന് പൊലീസ് പറയുമ്പോഴും ഇവരുടെ തലവന്മാർ വിലസുകയാണ്. ഇവർക്ക് രാഷ്ട്രീയക്കാരുമായും പൊലീസുകാരുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു ക്രൂരസംഭവം നടക്കുമ്പോൾ പൊലീസ് വടിയെടുത്തിറങ്ങുന്നതാണ് പൊതുവേയുള്ള രീതി. സംസ്ഥാനത്ത് നിലവിലുള്ള 2900 ഗുണ്ടകളിൽ ഭൂരിഭാഗവും തലസ്ഥാനത്താണെന്നാണ് പൊലീസിന്റെ തന്നെ കണക്ക്. ഗുണ്ടകൾ കൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടി.
കൊടും കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനത്തോളം വർദ്ധനവുണ്ടെന്നാണ് റിപ്പോർട്ട്. പാറ്റൂർ വെട്ടുകേസിൽ അറസ്റ്റിലായ ഓംപ്രകാശും മെഡിക്കൽ കോളേജിൽ യുവാക്കളെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പുത്തൻപാലം രാജേഷും ഉൾപ്പെടെ തലസ്ഥാനത്തെ പ്രധാന ഗുണ്ടകളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.
മണ്ണും ലഹരിയും അല്പം റിയൽ എസ്റ്റേറ്റും
റിയൽ എസ്റ്റേറ്റ്, മണ്ണുകടത്ത്, സാമ്പത്തിക തർക്കങ്ങൾ ഒത്തുതീർക്കൽ,നിർമ്മാണമേഖല തുടങ്ങിയവയാണ് ഈ സംഘങ്ങളുടെ പ്രധാന വരുമാന മാർഗങ്ങൾ. ഇതുവഴി ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണ് പല സമയത്തും അരും കൊലകളിൽ കലാശിക്കുന്നത്. സാമ്പത്തിക നേട്ടമുള്ളതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി പങ്കാളികളാകുന്ന സ്ഥിതിയാണുള്ളത്. നഗരത്തിൽ അടുത്തകാലത്ത് നടന്ന പല അക്രമങ്ങൾക്ക് പിന്നിലും ലഹരിസംഘങ്ങൾക്ക് പങ്കുണ്ട്. ജില്ലയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും നഗരത്തിലെയും ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില ഗുണ്ടാനേതാക്കളുടെ നേതൃത്വത്തിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇത് കൂടാതെ പെൺവാണിഭ റാക്കറ്റുകളും സജീവമാണ്. ഇതിന്റെ തലവന്മാരും ഗുണ്ടാ ലിസ്റ്റിലുണ്ട്.
ഗുണ്ടകൾ കൂടിയെന്ന് ജില്ലാ ഭരണകൂടം
ജില്ലയിൽ ഗുണ്ടകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് 2023ൽ അന്നത്തെ ജില്ലാ കളക്ടർ പറഞ്ഞിരുന്നത്. എന്നാൽ ഒരു വർഷത്തിനിപ്പുറവും കാപ്പ ചുമത്തുന്നത് കുറവാണ്. പൊലീസിൽ നിന്ന് ലഭ്യമായതിൽ 50 ശതമാനത്തിൽ കൂടുതൽ റിപ്പോർട്ടുകളിലും കരുതൽ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെട്ടിരുന്നത്. എന്നാൽ പൊലീസ് നൽകുന്ന കാപ്പ അപേക്ഷകൾ പലതും പരിഗണിക്കാറില്ലെന്നാണ് ആക്ഷേപം.
ഈ വർഷം 80 പേർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം സംരക്ഷിക്കേണ്ട അതോറിട്ടി എന്ന നിലയിൽ, പൊലീസ് ശുപാർശ ചെയ്യുന്ന എല്ലാവരെയും കരുതൽത്തടങ്കൽ പോലെ ഗൗരവകരമായ നടപടിയിൽപ്പെടുത്താനാവില്ല. അതിനാലാണ് ഇത്തരം കേസുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിന് സമയം വേണ്ടിവരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായം.