ഉദിയൻകുളങ്ങര: അമരവിള, കാരക്കോണം റോഡിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അനക്കമില്ലാതെ അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്നോളം ബൈക്ക് അപകടങ്ങൾ നടന്നിട്ടുണ്ട്.
നാലു ദിവസങ്ങൾക്കു മുമ്പ് നെടിയാങ്കോട് ജംഗ്ഷന് സമീപം ബൈക്കിൽ നിന്നും തെന്നിവീണ് കുന്നത്തുകാൽ മണ്ണാംങ്കോണം പൊങ്ങുംവിള വീട്ടിൽ അജികുമാറിന്റെയും സതിക ദമ്പതികളുടെ മകൻ അച്ചു (23) മരണപ്പെട്ടിരുന്നു.
റോഡിൽ സൂക്ഷിച്ചിരുന്ന റോഡ് നിർമ്മാണ സാമഗ്രികളിലെ കമ്പിയിൽ ഇടിച്ച് ബൈക്ക് യാത്രികൻ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ധനുവച്ചപുരം സ്വദേശിയായ നേഴ്സറി സ്കൂൾ അദ്ധ്യാപികയും റോഡിലെ ചെളിയിൽ സ്കൂട്ടർ വഴുതിവീണ് കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട്.
മഴ പെയ്താൽ റോഡിലൂടെ വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ കുടിവെള്ള പൈപ്പ് പൊട്ടിയും ഇവിടെ വെള്ളക്കെട്ടായിട്ടുണ്ട്. പൈപ്പ് നന്നാക്കാറുണ്ടെങ്കിലും വീണ്ടും പൊട്ടും. നവീകരണം നടക്കുന്ന അമരവിള- കാരക്കോണം റോഡിൽ വാട്ടർഅതോറിട്ടി കുടിവെള്ള പൈപ്പ് അശാസ്ത്രീയമായാണ് സ്ഥാപിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പും അഭിപ്രായപ്പെടുന്നത്.
പൈപ്പ് പൊട്ടൽ സ്ഥിരം,
വെള്ളം കിട്ടാതെ നാട്ടുകാർ
അമരവിള എയ്തുകൊണ്ടാൻകാണി, ധനുവച്ചപുരം ഗേൾസ് സ്കൂളിന് സമീപം, ധനുവച്ചപുരം ഐ.ടിനട എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടൽ സ്ഥിരമാണ്. വെള്ളം നിർമ്മാണം നടക്കുന്ന റോഡിന്റെ ഭാഗത്തേക്ക് ഒഴുകിയെത്തി വെള്ളക്കെട്ടുണ്ടാക്കുന്നുണ്ട്.
പൈപ്പ് പൊട്ടുമ്പോൾ പലതവണ പറഞ്ഞാലാണ് അധികൃതരെത്തി പൈപ്പ് നന്നാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്രയും ദിവസം പ്രദേശത്ത് വെള്ളം കിട്ടാറില്ല.
കുളമായി റോഡ്
അമരവിള, വെള്ളറട റോഡ് പണികൾ നടക്കുന്നിടത്ത് പൈപ്പിടൽ പണിയും നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കിയെങ്കിലും ഇന്നലെ പുലർച്ചെ പെപ്പ് വീണ്ടും പൊട്ടി. ഇപ്പോൾ റോഡ് കുളമായിരിക്കുകയാണ്. കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി തവണ വാട്ടർ അതോറിട്ടിയെ വിവരം അറിയിച്ചെങ്കിലും ശാശ്വത പരിഹാരം കണ്ടിട്ടില്ല.