കല്ലമ്പലം: ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന കടമ്പാട്ടുകോണം മുതൽ ആഴാംകോണം വരെ മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം ജനങ്ങൾ ദുരിതത്തിൽ. നിർമാണ മേഖലയിൽ ആഴാംകോണത്ത് റോഡ് വഴിമാറി പോകുന്നതുകൊണ്ട് അണ്ടർ പാസേജിനായി മണമ്പൂർ റോഡിനടിവശത്തായി 60 അടിയോളം മണ്ണെടുത്തിട്ടുണ്ട്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വലിയതോതിൽ മണ്ണെടുപ്പ് നടത്തിയതിന്റെ സമീപ പ്രദേശങ്ങളിൽ ആഴാംകോണം ജംഗ്ഷന് സമീപത്തെ റോഡിലാണ് മണ്ണിടിച്ചിൽ വ്യാപകം. മേഖലയിൽ ആറുവരിപ്പാത നിർമാണത്തിനായി ആഴത്തിൽ കുഴിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായത്. മണ്ണിടിഞ്ഞ് വീണത് നാട്ടുകാരിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. മണ്ണ് മാറ്റിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളും മണ്ണിടിച്ചിലിന് കാരണമാകുന്നുണ്ട്. ബൈപാസ് നിർമാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയുള്ള ഭൂമിയാണ് ഇടിഞ്ഞു വീണത്. തൊട്ടടുത്തുള്ള വീടുകളുടെ അടിഭാഗത്ത് നിന്നും മണ്ണിടിച്ചിൽ തുടങ്ങി വീടും റോഡിലേക്ക് പതിക്കുമോ എന്ന ആശങ്കയുണ്ട്.
സംരക്ഷണ ഭിത്തി സ്ഥാപിക്കണം
പ്രദേശത്തെ പല ഭാഗത്തും 30 മീറ്ററിലേറെ ആഴത്തിലാണ് മണ്ണ് കുഴിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ സംരക്ഷണ ഭിത്തി സ്ഥാപിച്ചില്ലെങ്കിൽ മേഖലയിൽ മണ്ണിടിച്ചിൽ വ്യാപകമാവുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കും. മണ്ണെടുത്ത ഭാഗങ്ങളിൽ അടിയന്തരമായി സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഒരു മൂന്നുനില കെട്ടിടവും അപകട ഭീഷണിയിലാണ്.
നടപടി വേണം
നാവായിക്കുളത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തും ആരോഗ്യ വിഭാഗവും ദ്രുതഗതിയിൽ ജലാശയങ്ങളും മറ്റും ശുചീകരിക്കുന്നുണ്ടെങ്കിലും റോഡു നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കുഴികളിൽ വലിയതോതിൽ വെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനെതിരെ നടപടിയെടുത്തില്ല.
അപകടം വിളിച്ചുവരുത്തുന്നു
ദേശീയപാത നിർമ്മാണത്തിനായി കമ്പിയിൽ തുരുമ്പ് കയറാതിരിക്കാനായി ഗാൽവനൈസ്ഡ് എപ്പോക്സി പെയിന്റ് അടിച്ച കമ്പി ഉപയോഗിക്കണമെന്നിരിക്കെ പലയിടത്തും ഇത് പാലിച്ചിട്ടില്ല. പലയിടത്തും തുരുമ്പെടുത്ത കമ്പി മാസങ്ങളായി സംരക്ഷണ ഭിത്തിക്കായി കുഴിച്ച കുഴിയിലെ വെള്ളെക്കെട്ടിൽ പൊങ്ങി നിൽക്കുന്നുണ്ട്.
ഘട്ടങ്ങളായാണ് ഈ കമ്പികൾ ഉള്ളിലാക്കി ഷട്ടറിംഗ് അടിച്ച് കോൺക്രീറ്റ് ചെയ്യുന്നത്. ഇതുമൂലം ബലക്ഷയം ഉറപ്പാണ്. കരാറുകാരൻ ചെയ്യുന്ന ജോലികൾ നോക്കാൻ ഉദ്യോഗസ്ഥർ ഇരിക്കെയാണ് ഇത്തരത്തിൽ തുടരുന്നത്. കല്ലമ്പലം മേഖലയിൽ റോഡ് നിർമ്മാണത്തിന്റെ പേരിൽ അഴിമതി നടക്കുന്നുവെന്നാണ് ആക്ഷേപം.