aana

വിതുര: വിതുര പഞ്ചായത്തിലെ മണലിമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം നാശവും ഭീതിയും പരത്തി വിഹരിക്കുന്നതായി മണലി നിവാസികൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ ആനകൾ മുൻപഞ്ചായത്ത് പ്രസിഡന്റും ആദിവാസിക്ഷേമസമിതി നേതാവുമായ ജി.അപ്പുക്കുട്ടൻകാണിയുടെ വീടിന്റെ മതിൽ തകർത്ത് അകത്തുകയറി വീട്ടിന് മുന്നിലെ തെങ്ങുകൾ മറിച്ചിട്ടു.

കമുക്,വാഴ,മരച്ചീനി,പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മാത്രമല്ല റബർ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കുട്ടിയാനയടക്കം എട്ട് ആനകളാണ് ഇവിടെ ഇറങ്ങിയത്. പ്രദേശത്തെ ഭൂരിഭാഗം കൃഷികളും നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി നാട്ടുകാർ പറയുന്നു. ഒരാഴ്ചമുൻപും ഇവിടെ കൃഷി നശിപ്പിച്ചിരുന്നു. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. രാത്രിയിൽ പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനകൾ നേരം പുലരുവോളം ചിന്നംവിളിക്കുകയാണ് പതിവ്. കുട്ടികളടക്കം ഭയന്നുവിറച്ചാണ് കഴിയുന്നത്.

കൃഷികൾ നശിപ്പിച്ചു

ജനവാസമേഖലകളിൽ കാട്ടാനകൾ എത്തിയതോടെ ജനം നട്ടംതിരിയുകയാണ്. മണലി വാർഡിലെ ആദിവാസിമേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്. ആദിവാസികൾ നടത്തിയിരുന്ന കൃഷികളും നശിപ്പിച്ചു. പകൽസമയത്തും ആനകൾ ആദിവാസിമേഖലകളിൽ ഭീതി പരത്തുന്നുണ്ട്.

വിദ്യാർത്ഥികളും പ്രതിസന്ധിയിൽ

തലത്തൂതക്കാവ് ഗവൺമെന്റ് ട്രൈബൽസ്കൂൾ പരിസരത്ത് കാട്ടാനകളിറങ്ങി ഭീതിപരത്തിയ സംഭവവുമുണ്ടായി. കാട്ടുപോത്ത്, പുലി, കരടി എന്നിവയുടെയും ശല്യമുണ്ട്.

കാട്ടാനശല്യം തടയാൻ മണലി പ്രദേശത്ത് വനപാലകർ സ്ഥാപിച്ച ഫെൻസിംഗ് ഫലപ്രദമായില്ല. ആനക്കിടങ്ങും യാഥാർത്ഥ്യമായില്ല. വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് അനവധി തവണ നിവേദനം നൽകുകയും സമരം നടത്തുകയും ചെയ്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. ജാഗ്രതാസമിതികൾ വിളിച്ചുചേർത്ത് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരും ആദിവാസികളും ആവശ്യപ്പെടുന്നത്.

വിതുര പഞ്ചായത്തിലെ മണലി വാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം.നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.

ജി.അപ്പുക്കുട്ടൻകാണി, ആദിവാസി ക്ഷേമസമിതി മുൻ ജില്ലാപ്രസിഡന്റ്

മണലിവാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടാൻ അടിയന്തരനടപടികൾ സ്വീകരിക്കും. ജാഗ്രതാസമിതികൾ വിളിച്ചുചേർക്കും.

മഞ്ജുഷാആനന്ദ്, വിതുര പഞ്ചായത്ത് പ്രസിഡന്റ്

മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റ് മണലി ജി.അപ്പുക്കുട്ടൻകാണിയുടെ വീടിന്റെ മതിൽ തകർത്ത് കാട്ടാനകൾ തെങ്ങ് പിഴുതിട്ട നിലയിൽ