ബാലരാപുരം: ദേശീയ കൈത്തറി ദിനത്തിൽ ബാലരാമപുരം വനിതാ കൈത്തറി നെയ്‌ത്ത് വ്യവസായ സഹകരണ സംഘത്തിന് സർക്കാരിന്റെ അംഗീകാരം. മന്ത്രി പി.രാജീവിൽ നിന്ന് സംഘം പ്രസിഡന്റ് ആനന്ദവല്ലിയും സെക്രട്ടറി എസ്.എസ്. ജിബിനും ചേർന്ന് ക്യാഷ് അവാർഡും മെമന്റോയും ഏറ്റുവാങ്ങി.
44 വർഷത്തെ പ്രവർത്തനമികവുള്ള സ്ഥാപനത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നാന്നൂറോളം നെയ്‌ത്ത് തൊഴിലാളികൾ പ്രവർത്തിക്കുന്നതും അവാർഡ് നിർണയസമിതി വിലയിരുത്തി. സർക്കാരിന്റെ സ്‌കൂൾ യൂണിഫോം പദ്ധതിയുടെ ഭാഗമായി തൊണ്ണൂറിൽപ്പരം തറികളിൽ സ്‌കൂൾ യൂണിഫോം നെയ്‌തെടുക്കുന്ന ബി ഗ്രേഡ് വനിതാ സംഘം കൂടിയാണിത്. മറ്റ് കൈത്തറി ഉത്പന്നങ്ങൾ നെയ്‌തെടുക്കാൻ നൂറ്റിപ്പത്തോളം തറികളും പ്രവർത്തിക്കുന്നുണ്ട്.