നേമം: രണ്ടേമുക്കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള അട്ടക്കുളങ്ങര ജംഗ്ഷൻ മുതൽ ശ്രീവരാഹം ക്ഷേത്രത്തിന് മുമ്പിൽ അഴിക്കോട്ട വരെയുള്ള കോട്ടമതിലിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ആർക്കിയോളജി വകുപ്പ് 64.90 ലക്ഷമാണ് നവീകരണത്തിനായി ചെലവിടുന്നത്. അട്ടക്കുളങ്ങരയിലെ തെക്കുഭാഗത്തുള്ള വെട്ടുകല്ല് കൊണ്ട് നിർമ്മിച്ച കോട്ടയുടെ നവീകരണമാണ് പുരോഗമിക്കുന്നത്. കോട്ടയുടെ പലയിടത്തും കുമ്മായവും പ്ലാസ്റ്ററിംഗും തകർന്നു ജീർണാവസ്ഥയിലാണ്. മുമ്പ് കോട്ടമതിലിനോട് ചേർന്നുള്ള റോഡ് വികസിപ്പിക്കുന്നതിന് എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ചത് ഈ കോട്ടയുടെ അടിത്തറയ്‌ക്ക് കോട്ടമുണ്ടാക്കിയിരുന്നു. കോട്ട മതിലിന്റെ പ്ലാസ്റ്ററിംഗും നിർമ്മാണ രീതിയും നിലവിലുള്ള സിമന്റ് പ്ലാസ്റ്ററിംഗ് രീതികളിൽ നിന്ന് വ്യത്യസ്തമാണ്. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിന് തങ്ങൾ വളരെ ബുദ്ധിമുട്ടിയതായി കേരള ആർക്കിയോളജി വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു.
കാലാവസ്ഥ അനുകൂലമായാൽ ഒക്ടോബറോടെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. കോട്ട മതിൽ നവീകരണത്തിനാവശ്യമായ ഖനനം ചെയ്ത കുമ്മായവും ആവശ്യമായ മറ്റ് ചേരുവകളും ആന്ധ്രപ്രദേശിലെയും തമിഴ്‌നാട്ടിലെയും സ്ഥലങ്ങളിൽ നിന്നാണ് എത്തിച്ചത്. "ഈന്തപ്പന ശർക്കര, കടുക്ക, ചെന്നിനായകം, ഉണക്കിയ കറ്റാർ വാഴ, ചക്ക തുടങ്ങി 23 ഓളം പദാർത്ഥങ്ങളും പ്ലാസ്റ്ററിംഗിനായി ഉപയോഗിക്കുന്നുണ്ട്. പൂർത്തിയായിക്കഴിഞ്ഞാൽ കോട്ടമതിൽ ചുവരുകൾ മാർബിളിന് സമാനമാവും. ഹൈ-ഇലക്‌ട് എന്റർപ്രൈസസ് ആണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
നിർമ്മാണം 1747ൽ
1747ൽ മാർത്താണ്ഡ വർമ്മയുടെ ഭരണകാലത്താണ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്. 1787-ൽ കാർത്തിക തിരുനാൾ ധർമ്മരാജയുടെ ഭരണകാലത്ത് പൂർത്തിയാക്കി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയാണ് കോട്ട നിർമ്മിച്ചത്. 3.65 കിലോമീറ്റർ ചുറ്റളവിലുള്ള കോട്ടയുടെ മൂന്നുഭാഗം കരിങ്കല്ലും ഒരു ഭാഗം വെട്ടുകല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.