നേമം: പതിനാലുകാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച മൂന്നംഗ മദ്യപ സംഘത്തിലെ ഒരാൾ പിടിയിൽ. വെള്ളായണി വള്ളങ്കോട് തിരുമുറ്റം സ്വരലയം വീട്ടിൽ അച്ചു എന്ന ശ്രീഹരി(20)യെയാണ് നേമം എസ്.ഐ വി.എൽ ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് വെള്ളായണി ക്ഷേത്രം-ഊക്കോട് റോഡിൽ രാജസൂയം ഓഡിറ്റോറിയത്തിനടുത്ത് മദ്യപിച്ച്നിന്നിരുന്ന സംഘം അതുവഴിയെത്തിയ പതിനാലുകാരനുമായി വാക്കുതർക്കത്തിലായതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സംഘം പതിനാലുകാരനെ ബൈക്കിൽ കയറ്റിക്കൊണ്ട് പോയി കല്ലിയൂർ ദിക്കുബലിക്കളത്തിന് സമീപത്തുവച്ച് മർദ്ദിച്ചവശനാക്കി. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ സംഘം സ്ഥലം വിട്ടു. വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്.