പള്ളിക്കൽ സി.എച്ച്.സിക്ക് ഇരട്ട നേട്ടം
തിരുവനന്തപുരം : മികച്ച ആശുപത്രികൾക്കുള്ള 2023-24ലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തലസ്ഥാന ജില്ലയ്ക്കും നേട്ടം.70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികളിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയും ഇടംപിടിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകൽപ്പ്. മൂന്നു ലക്ഷം രൂപയാണ് അവാർഡ്. മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിയ്ക്കുള്ള മത്സരത്തിൽ രണ്ടാം സ്ഥാനം പള്ളിക്കൽ
സി.എച്ച്.സിയ്ക്കാണ്. അഞ്ചു ലക്ഷം രൂപയാണ് അവാർഡ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 12 ആശുപ്രതികളിൽ തലസ്ഥനത്തെ ഏക ആശുപത്രിയും
പള്ളിക്കൽ സി.എച്ച്.സിയാണ്. ഒരു ലക്ഷം രൂപയാണ് അവാർഡ്. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്നു ക്ലസ്റ്റർ ആയി തിരിച്ചുള്ള മത്സരത്തിൽ ഒന്നാം ക്ലസ്റ്ററിൽ മുട്ടട അർബൻ പ്രൈമറി ഹെൽത്ത് സെന്ററാണ് ഒന്നാമത്. രണ്ടു ലക്ഷം രൂപയാണ് അവാർഡ്. നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 16 ആശുപത്രികളിൽ തലസ്ഥാനത്തെ നാലു കേന്ദ്രങ്ങളാണ് ഉൾപ്പെട്ടത്. ചായ്‌ക്കോട്ടുക്കോണം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, പൂവത്തൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, തൃക്കണ്ണാപ്പുരം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയ്ക്കാണ് അവാർഡ്. 50,000 രൂപവീതമാണ് സമ്മാനം.