തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയുടെ പുനരധിവാസം സംബന്ധിച്ച് വിശദ റിപ്പോർട്ട് പത്തുദിവസത്തിനകം കേന്ദ്രത്തിന് കൈമാറും. നാശനഷ്ടങ്ങളും വിശദമാക്കും. ഇത്തരത്തിൽ റിപ്പോർട്ട് നൽകാൻ ശനിയാഴ്ച ദുരന്തമേഖല സന്ദർശിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്നുതന്നെ സംസ്ഥാന സർക്കാർ തുടർ നടപടികളിലേക്ക് കടന്നു. ചീഫ് സെക്രട്ടറി
വി.വേണു എട്ടു വകുപ്പുകളോട് അടിയന്തരമായി റിപ്പോർട്ട് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടു. ഇവ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച ശേഷമാവും നിവേദനം തയ്യാറാക്കുക.
ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് 2000 കോടിയും, നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് വെള്ളിയാഴ്ച കേന്ദ്രസംഘത്തിന് നൽകിയത്. പിറ്റേദിവസം ദുരന്തപ്രദേശം സന്ദർശിച്ച പ്രധാനമന്ത്രിയെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്.
പുനരധിവാസത്തിന് മുൻതൂക്കം നൽകിയാവും സഹായധനം ആവശ്യപ്പെടുക. വിശദമായ കണക്കെടുപ്പിന് ശേഷമേ നഷ്ടത്തിന്റെ യഥാർത്ഥ വ്യാപ്തി നിശ്ചയിക്കാനാവൂ. ദേശീയ ദുരന്തം ലെവൽ മൂന്ന് പ്രകാരം സഹായധനം വേണമെന്നാണ് കേരളത്തിന്റെ നിലപാട്. തകർന്ന വീടുകളുടെയും നശിച്ച കാർഷിക വിളകളുടെയും നഷ്ടം ബന്ധപ്പെട്ട കുടുംബാംഗങ്ങളിൽ നിന്നേ ശേഖരിക്കാനാവൂ. ഇതാണ് ശ്രമകരം.
കേന്ദ്രം തരുന്നത് തവണകളായി
1. പുനരധിവാസ പദ്ധതിയെന്ന നിലയിലാവും കേന്ദ്രത്തിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പരമാവധി തുക വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
2 മൊത്തം തുക പ്രഖ്യാപിച്ചശേഷം തവണകളായി മാത്രമേ കേന്ദ്രം തുക അനുവദിക്കൂ. നൽകുന്ന തുകയ്ക്ക് കേരളം നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷമാവും അടുത്ത ഗഡു അനുവദിക്കുക. കേന്ദ്ര പദ്ധതികളിൽ തുടർ ഗഡുക്കൾ വാങ്ങിയെടുക്കുന്നതിൽ കേരളത്തിന് പലപ്പോഴും വീഴ്ചയുണ്ടായിട്ടുണ്ട്.
3. ദുരന്ത ബാധിതരുടെ കടബാദ്ധ്യത മരവിപ്പിക്കണമെന്നും പുതിയ വായ്പകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെടും.
ദുരിതാശ്വാസ ക്യാമ്പുകളുടെ 30 ദിവസത്തെ ചെലവിലേക്കാണ് നിലവിൽ തുക വകയിരുത്തിയിരിക്കുന്നത്. പുനരധിവാസം വൈകുന്നതിനാൽ 90 ദിവസത്തോളം തുടരേണ്ടിവന്നേക്കും. അതിനുള്ള തുക വേണം.
4. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 300 രൂപ നിരക്കിൽ 30 ദിവസത്തേക്ക് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് 90 ദിവസമായി നീട്ടി തുക അനുവദിക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മിനിമം തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 150 ആക്കണം.
റിപ്പോർട്ട് നൽകേണ്ടത്
എട്ടു വകുപ്പുകൾ
റവന്യൂ, തദ്ദേശം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, പൊതുമരാമത്ത്, ഇറിഗേഷൻ, വനം
ദേശീയദുരന്തം ലെവൽ-3
ഒരു ജില്ലയ്ക്കോ സംസ്ഥാനത്തിനോ താങ്ങാനും പരിഹരിക്കാനും സാധിക്കുന്നതിനുമപ്പുറമുള്ളതും കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ളതുമായ വലിയ ദുരന്തം.
ദുരിതാശ്വാസസംഭാവന
100 കോടി കവിഞ്ഞു
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നൂറുകോടി കവിഞ്ഞു. ജൂലായ് 30 മുതലാണ് സംഭാവന കിട്ടി തുടങ്ങിയത്. അക്കൗണ്ടിൽ നേരിട്ട് ക്രെഡിറ്റായ തുകയാണിത്.ചെക്കുകളായി ലഭിച്ചതും വാഗ്ദാനചെയ്ത തുകകളും ഒഴികെയാണിത്.