തിരുവനന്തപുരം: തലസ്ഥാന നഗരം കേന്ദ്രീകരിച്ച് തഴച്ച് വളരുന്ന മണ്ണുമാഫിയയെ തടയുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവമാണ് ഇതിന് പിന്നിലെ കൊലപാതകങ്ങൾക്ക് കാരണം.

കാപ്പാ കേസിലുൾപ്പെട്ട വെട്ടുകത്തി ജോയിയെ കഴിഞ്ഞ ദിവസം പൗഡിക്കോണത്ത് വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും മണ്ണ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസ് മദ്ധ്യസ്ഥത

ഏറ്റവുമധികം നിർമ്മാണം നടക്കുന്ന കഴക്കൂട്ടം,മംഗലപുരം മേഖലയിലെ മണ്ണുമാഫിയ പൊലീസിന്റെ ഉറ്റ ചങ്ങാതിമാരാണ്. വൻ സാമ്പത്തിക ഇടപാടുകൾക്ക് മദ്ധ്യസ്ഥരാകുന്നതും പൊലീസുതന്നെ. പേട്ട,​വെള്ളായണി,​കടകംപള്ളി,​ഒരുവാതിൽക്കോട്ട,​കോവളം,​വിഴിഞ്ഞം എന്നീ നഗരപ്രദേശങ്ങളിലും നെയ്യാറ്റിൻകര,​പാറശാല,​കല്ലറ,​ആറ്റിങ്ങൽ,​കഠിനംകുളം,​പോത്തൻകോട്,​വെഞ്ഞാറമൂട്,​കിളിമാനൂർ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലുമാണ് ഈ മാഫിയ വിലസുന്നത്.

മണ്ണ് മാഫിയയ്‌ക്ക് കൂട്ടുനിന്ന് മണ്ണ് കടത്തൽ,​ഗുണ്ടാനേതാക്കൾക്ക് പ്രത്യേകം ഒത്താശ,​റിയൽ എസ്റ്റേറ്റ് മാഫിയയുടെ കേസൊതുക്കൽ അവർക്ക് വേണ്ടി ഭീഷണി മുഴക്കുക തുടങ്ങിയ പരാതിയുടെ അടിസ്ഥാനത്തിൽ 2023ൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ,മംഗലപുരം എസ്.എച്ച്.ഒ എസ്.എൽ.സജീഷ്,ചേരാനല്ലൂർ എസ്.എച്ച്.ഒ വിപിൻകുമാർ,റെയിൽവേ ആസ്ഥാനത്തെ സി.ഐ അഭിലാഷ് ഡേവിഡ്,തിരുവല്ലം എസ്.ഐ സതീഷ് കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. മംഗലപുരം സ്റ്റേഷനിലെ 32 പൊലീസുകാരിൽ

25 പേരെ സ്ഥലം മാറ്റുകയും ബാക്കിയുള്ളവരെ സസ്‌പെൻഡ് ചെയ്‌ത‌തും മണ്ണ് മാഫിയ ബന്ധം ആരോപിച്ചായിരുന്നു.

പാസില്ലാതെ മണലെത്തിക്കും

ഏറ്റവും കൂടുതൽ അനധികൃത മണൽ കടത്ത് നടക്കുന്നത് രാത്രിയിലാണ്. സർക്കാർ ഉത്തരവുപോലും ലംഘിച്ച് നിലം ഒരു രാത്രി കൊണ്ട് മണ്ണടിച്ച് പ്ളോട്ടാക്കും. പാസില്ലാത്ത മണ്ണാണ് ഇങ്ങനെ കടത്തുന്നത്. പക്ഷേ ഇതിന് ലക്ഷങ്ങൾ ചെലവാകും. ഉടമസ്ഥൻ കാശ് മാത്രം കൊടുത്താൽ മതി സംഗതി ക്ളീൻ. ആദ്യകാലത്ത് കളിമണ്ണിൽ നിന്ന് ലഭിക്കുന്ന ഉപയോഗമില്ലാത്ത മണ്ണ് നിലവും കായലും നികത്താൻ ഉപയോഗിച്ചിരുന്നു. കളിമണ്ണ് കുറഞ്ഞതോടെ കുന്നുകളിലും പുരയിടങ്ങളിലും നിന്ന് മണ്ണെടുക്കാൻ തുടങ്ങി. 2000 മുതൽ 5000 രൂപ വരെ ഒരു ലോഡ് മണ്ണിന് വാങ്ങുന്നുണ്ട്. പൊലീസുകാർക്ക് നൽകുന്ന കൈക്കൂലി ഉൾപ്പെടെയാണിത്.