photo2

പാലോട്: രണ്ടുകിലോ കഞ്ചാവും നിരോധിത പാൻ മസാല ഉത്പന്നങ്ങളുമായി അച്ഛനെയും മകനെയും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം പിടികൂടി പാലോട് പൊലീസിന് കൈമാറി. മടത്തറ ഒഴുകുപാറ മുളമൂട്ടിൽ വീട്ടിൽ നിന്നു കൊല്ലായിൽ എസ്.എൻ.യു പി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നസീർ കുഞ്ഞ്, മകൻ അൻഷാദ് എന്നിവരാണ് പിടിയിലായത്.രണ്ടു മാസം മുൻപാണ് ഇവർ കൊല്ലായിൽ വീട് വാടകയ്ക്ക് എടുത്തത്.തമിഴ്നാട്ടിൽ നിന്നുമാണ് ഇവർക്ക് കഞ്ചാവും, പാൻ മസാലയും വില്പനക്കായി ലഭിച്ചത്.നസീർ കുഞ്ഞിന് കൊല്ലായിൽ ജംഗ്ഷനിൽ മുറുക്കാൻ കടയുണ്ട്.ഇവിടം കേന്ദ്രീകരിച്ചായിരുന്നു വില്പന. മുൻപും ഇരുവർക്കും ചിതറ, പാലോട് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇവരുടെ വീട്ടിൽ പരിശോധന നടന്നത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പാലോട് എസ്.എച്ച്.ഒ അനീഷ് കുമാർ, എസ്.ഐ ശ്രീനാഥ്, ഡാൻസാഫ് ടീം എസ്.ഐ മാരായ ഷിബു, സജു, എ.എസ്.ഐ സതികുമാർ, എസ്.സി.പി.ഒ ഉമേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിച്ചത്.