ശ്രീകാര്യം: ജോയിയെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മണ്ണ് മാഫിയയുടെ ക്വട്ടേഷനെന്ന് തെളിഞ്ഞു. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലയ്‌ക്കുള്ള കാരണം പൊലീസ് കണ്ടെത്തിയത്.

മണ്ണ് മാഫിയ സംഘത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കേസിലെ പ്രതികളെയും അവരുടെ വീട്ടുകാരെയും ജോയി നിരന്തരം ആക്രമിച്ചിരുന്നു. കുറ്റ്യാണി സ്വദേശി സജീറും സജീറിന്റെ സഹോദരി ഭർത്താവ് ചാല സ്വദേശി അൻവർ ഹുസൈനും ചേർന്നാണ് ക്വട്ടേഷൻ നൽകിയത്. ഇരുവരും ഒന്നിച്ചാണ് മണ്ണിന്റെ ഇടപാട് നടത്തിയത്. ആദ്യം പോത്തൻകോട്,വട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ കുന്നിൻ പ്രദേശങ്ങൾ ഇടിച്ചുനിരത്തി തറനിരപ്പാക്കി കൊടുക്കുമായിരുന്നു. ജെ.സി.ബികളും ടിപ്പറുകളും വാങ്ങി പിന്നീട്

മണ്ണുകടത്തൽ വിപുലപ്പെടുത്തി. ഓരോ സ്ഥലത്തെയും തർക്കങ്ങളും എതിർപ്പുകളുമില്ലാതാക്കാൻ ഗുണ്ടയായ ജോയിയെയും ഇവർ ഒപ്പം കൂട്ടിയിരുന്നു.

ടിപ്പർ ഡ്രൈവറായും കിളിയായും ഇവർക്കൊപ്പമുണ്ടായിരുന്ന ജോയി എപ്പോഴും കൈയിൽ വെട്ടുകത്തി കരുതുമായിരുന്നു. ഇതുവച്ച് എല്ലാ ആക്രമണങ്ങളും നടത്തിയത് കൊണ്ടാണ് വെട്ടുകത്തി ജോയി എന്ന പേര് കിട്ടിയത്. എന്നാൽ എവിടെ ചെന്നാലും പ്രശ്‌നങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതിനാൽ ജോയിയെ ഇവർ തഴഞ്ഞു. പ്രകോപിതനായ ജോയി അവസരം കിട്ടുമ്പോൾ ഇവരെ മറഞ്ഞിരുന്ന് ആക്രമിച്ചിരുന്നു.

കൊലയ്ക്ക് പെട്ടന്നുള്ള ആസൂത്രണം

ഒരുവർഷം മുമ്പ് കേസിലെ ഒന്നാംപ്രതി സജീർ വാടകയ്ക്ക് താമസിക്കുന്ന പാേത്തൻകോട് അയിരൂപ്പാറ പെട്രോൾ പമ്പിന് സമീപമുള്ള വീട്ടിൽ വിനോദ് എന്ന കൂട്ടാളിയുമായി ജോയി എത്തിയിരുന്നു. അവിടെ വച്ച് സജീറിനെ വണ്ടി തടഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ വട്ടപ്പാറ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇതേ തുടർന്ന് അറസ്റ്റിലായ ജോയിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ദിവസങ്ങൾക്ക് മുമ്പ് ജയിൽ മോചിതനായ ജോയി സജീറിനെ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി. സംഭവത്തിന് മൂന്നുദിവസം മുമ്പ് കുറ്റിയാണി മത്സ്യമാർക്കറ്റിൽ മീൻ കച്ചവടം നടത്തുകയായിരുന്ന അൻവർ ഹുസൈനെ അസഭ്യം പറഞ്ഞ് ജോയി ഭീഷണിപ്പെടുത്തി. സംഭവ ദിവസം രാവിലെ സജീറിന്റെ വീട്ടിലെത്തിയ ജാേയി സജീറിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയിരുന്നു. സജീറിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ തടയാൻ ശ്രമിച്ച സജീറിന്റെ ഭാര്യയെ ഉപദ്രവിച്ചതാണ് ക്വട്ടേഷൻ നൽകുന്നതിനായി ഇവരെ പ്രകോപിച്ചത്.

'രണ്ട് കാലിൽ എഴുന്നേറ്റ്

നടക്കരുത്"

ജോയിയെ കൊല്ലാൻ വേണ്ടിയല്ല ക്വട്ടേഷൻ നൽകിയതെന്നാണ് പ്രതികൾ പറയുന്നത്. കാലുകൾ അടിച്ചൊടിക്കണം.'ഇനി രണ്ട് കാലിൽ എഴുന്നേറ്റ് നടക്കരുത്" എന്നായിരുന്നു ക്വട്ടേഷൻ സംഘത്തിന് സജീറും കൂട്ടരും നൽകിയ നിർദ്ദേശം. എന്നാൽ അക്രമത്തിന്റെ സ്വഭാവം മാറി. കാലുകളിൽ അമിതമായി ജോയിക്ക് വെട്ടേൽക്കുകയായിരുന്നു.