തിരുവനന്തപുരം : സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ സി. അച്ചുതമേനോന്റെ വെങ്കല പ്രതിമ ഇന്ന് വൈകിട്ട് 5 ന് മ്യൂസിയത്തിന് എതിർവശത്തെ ഒബ്‌സർവേറ്ററി ഹില്ലിൽ അനാവരണം ചെയ്യും. ശ്രീനാരായണഗുരു പാർക്കിനോടു ചേർന്ന മൂന്ന് സെന്റ് സ്ഥലത്ത് തയാറാക്കിയ മണ്ഡപത്തിലാണ് പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് അനാവരണം ചെയ്യുക. മന്ത്രി ജി.ആർ.അനിൽ, സി.പി.ഐ നേതാക്കളായ കെ.പ്രകാശ് ബാബു , കെ.പി. രാജേന്ദ്രൻ ,പി.പി.സുനീർ, മാങ്കോട് രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിമ നിർമ്മിച്ചത്. സംസ്ഥാന സർക്കാരാണ് സ്ഥലം അച്ചുതമേനോൻ ഫൗണ്ടേഷന് അനുവദിച്ചത്. കാനം രാജേന്ദ്രൻ സെക്രട്ടറിയായിരിക്കുമ്പോൾ പ്രതിമയുടെ നിർമ്മാണം ശില്പി ഉണ്ണി
കാനായിയെ ഏല്പിച്ചിരുന്നു. ഒരു വർഷമെടുത്താണ് 1,000 കിലോ ഭാരമുള്ള പ്രതിമ നിർമിച്ചത്.
സി. അച്ചുതമേനോന്റെ പൂർണ്ണമായ വെങ്കല ശില്പം കാണാൻ ഇന്നലെ അച്ചുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി എത്തി. ശിൽപം നന്നായിട്ടുണ്ടെന്ന് ഉണ്ണി കാനായിയോട് അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി ജി.ആർ.അനിലും ശില്പിയെ അഭിനന്ദിച്ചു. ഉണ്ണി കാനായി തിരുവനന്തപുരം നഗരത്തിൽ പൂർത്തിയാക്കിയ അഞ്ചാമത്തെ ശില്പമാണിത്.