നെടുമങ്ങാട്: കക്കൂസ് മാലിന്യങ്ങൾ അടങ്ങുന്ന അഴുക്കുവെള്ളം റോഡിലേക്ക് ഒഴുക്കുന്നത് ജനജീവിതം ദുസഹമാക്കുന്നു. അന്തർ സംസ്ഥാന പാതയായ തെങ്കാശി- തിരുവനന്തപുരം റോഡിൽ കരകുളം, ഏണിക്കര ഭാഗങ്ങളിലാണ് വീടുകൾ, കടകൾ, ഓടകൾ എന്നിവിടങ്ങളിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകിയെത്തുന്നത്. റോഡിന് സമീപത്തെ മിക്ക വീടുകളിലെയും സ്ഥാപനങ്ങളിലെയും മലിനജലം ഓടകളിലാണ് ഒഴുക്കുന്നത്. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്ത് വൃത്തിയാക്കാത്തതിനാൽ ഓടകളിൽ നിറയുന്ന മലിനജലം റോഡിൽ ഒഴുകിയെത്തുകയാണ് പതിവ്. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത് മലിനജലത്തിൽ ചവിട്ടിയാണ്.
നാട്ടുകാർ ദുരിതത്തിൽ
അരുവിക്കര പഞ്ചായത്തിൽപ്പെടുന്ന അഴിക്കോട്, വളവെട്ടി, മരുതിനകം എന്നിവിടങ്ങളിൽ നിരവധി സ്ഥലത്ത് മലിനജലം റോഡിലൂടെ ഒഴുകുന്നുണ്ട്. മഴക്കാലത്ത് പകർച്ചവ്യാധി ഭീതിയിലാണ് നാട്ടുകാർ ഇതുവഴി സഞ്ചരിക്കുന്നത്. കരകുളം കെൽട്രോൺ ജംഗ്‌ഷനിൽ നിന്നും അരുവിക്കരയിലേക്ക് പോകുന്ന റോഡിൽ ഓട്ടോസ്റ്റാൻഡിന് സമീപത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകിതുടങ്ങിയിട്ട് ദിവസങ്ങളായി. മലിനജലം ഓട്ടോസ്റ്റാൻഡിൽ ഒഴുകിയെത്തുന്നതിനാൽ ആളുകൾ സവാരി വിളിക്കാൻ പോലും വരുന്നില്ലെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പരാതിപ്പെട്ടു.
തിരിഞ്ഞു നോക്കുന്നില്ലെന്ന്
പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്. പേരൂർക്കട- നെടുമങ്ങാട് റോഡിൽ മാലിന്യങ്ങൾ ഓടകളിലേക്കും സമീപത്തെ കിള്ളിയാറ്റിലേക്കും ഒഴുക്കുന്നുവെന്ന പരാതി നേരത്തേയുള്ളതാണ്. ഇതേതുടർന്ന് പഞ്ചായത്ത്, നഗരസഭ, ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നെങ്കിലും അതൊക്കെ നിലച്ചമട്ടാണ്.