വർക്കല: വെട്ടൂരിൽ വൃദ്ധയുടെ മൂന്നരപ്പവന്റെ സ്വർണമാല പൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞു. വെട്ടൂർ ആശാൻമുക്കിന് സമീപം കൊച്ചുവിളവീട്ടിൽ ശ്യാമളാദേവിയുടെ (71) മാലയാണ് കവർന്നത്. ഇന്നലെ രാവിലെ 11.45ഓടെ ശ്യാമളാദേവി വീടിനോട് ചേർന്ന് നടത്തുന്ന സ്റ്റേഷനറി കടയിലാണ് സംഭവം.
കടയിലെത്തിയ യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് സിഗരറ്റ് എടുത്തുകൊടുക്കുന്നതിനിടെ ഇയാൾ മാല പൊട്ടിക്കുകയായിരുന്നു. മാലയുടെ ഒരു കഷണം ശ്യാമളാദേവിയുടെ കഴുത്തിൽ തന്നെയുണ്ടായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ റോഡിൽ നിന്നും മാലയുടെ ഒരു കഷണം കൂടി തിരികെക്കിട്ടി. മോഷ്ടാവ് താഴെവെട്ടൂർ ഭാഗത്തേയ്ക്കാണ് ഓടിപ്പോയതെന്ന് ശ്യാമളാദേവി പൊലീസിനോട് പറഞ്ഞു. മൂന്നരപ്പവന്റെ മാലയിൽ ഒന്നരപ്പവനോളം നഷ്ടമായിട്ടുണ്ട് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.