തിരുവനന്തപുരം: വനം വകുപ്പിലെ ഉന്നതരടക്കം 13 ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായി വനം മേധാവി തയാറാക്കിയ പട്ടിക മുഖ്യമന്ത്രി തിരിച്ചയച്ചു. പട്ടികയ്ക്കെതിരേ ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സംഘടനയും സി.പി.എമ്മും രംഗത്തെത്തിയതോടെയാണിതെന്നാണ് സൂചന. , സിവിൽ സർവീസ് ബോർഡ് ചേർന്ന് പുതിയ സ്ഥലംമാറ്റ പട്ടിക തയാറാക്കി നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
തിരുവനന്തപുരം, തെന്മല, പുനലൂർ, പാലക്കാട്, പെരിയാർ, സെൻട്രൽ സർക്കിൾ എന്നിവിടങ്ങളിലേക്കുള്ള സ്ഥലംമാറ്റത്തിനായി തയാറാക്കിയ പട്ടികയാണ് വിവാദത്തിലായത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ സംഘടനയോടോ ആലോചിക്കാതെയാണ് വനം മേധാവി ഗംഗാ സിംഗ് പട്ടിക തയാറാക്കിയതെന്നാണ് ആക്ഷേപം. മുൻ വനം മേധാവിയുടെ കാലത്ത് തീരുമാനിച്ചിരുന്ന വിവാദ സ്ഥലംമാറ്റങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്തെത്തിയത്. പാലക്കാട് സി.സി.എഫ്, പെരിയാർ ഫീൽഡ് ഡയറക്ടർ എന്നി തസ്തികകളിലേക്ക് സ്ഥലംമാറ്റത്തിനായി ഉൾപ്പെടുത്തിയ പേരുകളിൽ സി.പി.എം നേതാക്കളും വിയോജിപ്പ് അറിയിച്ചു..
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലം മാറ്റിയവരെ പഴയ സ്ഥാനത്തെത്തിക്കുന്നതിനും ഒരു സ്ഥലത്ത് 3 വർഷം പൂർത്തിയാക്കിയവർക്കുമാണ് പട്ടിക തയാറാക്കിയത്. എന്നാൽ, പട്ടികയിലെ പേരുകൾ സിവിൽ സർവീസ് ബോർഡ് അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഫയൽ വനം മേധാവിക്ക് തിരിച്ചയയ്ക്കുകയായിരുന്നു.