ചിറയിൻകീഴ്: അടിസ്ഥാന സൗകര്യങ്ങളുടെവികസനം ഇല്ലാതായതോടെ വിനോദ സഞ്ചാരകേന്ദ്രമായ മുതലപ്പൊഴിയിൽ നിന്ന് സഞ്ചാരികൾ ഇല്ലാതാകുന്നു. ഇരുകരകളായി വിഭജിച്ചു കിടന്നിരുന്ന പെരുമാതുറയെയും താഴമ്പള്ളിയെയും ബന്ധിപ്പിച്ചുകൊണ്ട് മുതലപ്പൊഴിയിൽ പാലം യാഥാർത്ഥ്യമായതോടെയാണ് ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടായത്. കോവളത്തിനും വർക്കലയ്ക്കുമിടയ്ക്ക് ടൂറിസ്റ്റ് കേന്ദ്രമായി വളരെ പെട്ടെന്ന് മുതലപ്പൊഴി പേരെടുക്കുകയും ചെയ്തു. അവധി ദിവസങ്ങളിൽ കുടുംബസമേതം കടൽത്തീരത്ത് വിശ്രമിക്കുന്ന സഞ്ചാരികൾ ഏറെയാണ്. എന്നാൽ ഇപ്പോൾ അതിന്റെ പകുതി സഞ്ചാരികൾ പോലും എത്തുന്നില്ല.
ലൈഫ് ഗാർഡും ഇല്ല
ബീച്ചിൽ വെളിച്ചത്തിന്റെ അഭാവമുള്ളതിനാൽ കുടുംബമായെത്തുന്നവർ ഇരുട്ടിന് മുന്നേ സ്ഥലം വിടും. ഒരാവശ്യത്തിന് പോലും താഴംപള്ളി ബീച്ചിൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമല്ല. ഇതുകാരണം അപകടം എന്തെങ്കിലും നടന്നാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താനും കഴിയാതെവരും. ഇക്കാരണങ്ങളാൽ മുതലപ്പൊഴിയിലെ വിനോദസഞ്ചാര മേഖല തളരുകയാണ്.