mohanlal

മോഹൻലാലിനെ കെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ സ്‌നേഹചുംബനം നൽകുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. മോഹൻലാൽ തന്നെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. 'എട മോനെ, ഐ ലൗ യു' എന്ന കുറിപ്പോടെയാണ് പങ്കുവച്ചത്. നിരവധി ആരാധകർ ചിത്രത്തിന് രസകരമായ കമന്റ് പങ്കുവയ്ക്കുന്നു. ജയിലർ സിനിമയിൽ ധരിച്ചിരുന്നതിന് സമാനമായ വസ്‌ത്രത്തിലാണ് മോഹൻലാൽ. ഇതും ആരാധകർ ഏറ്റെടുത്തു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമയിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നത്. ഗുരുവിന്റെ മകനൊപ്പം മോഹൻലാലിനെ കണ്ടതിനാൽ പുതിയ സിനിമയ്ക്ക് ഇരുവരും ഒരുമിക്കുകയാണോ എന്ന സന്ദേഹത്തിലാണ് ആരാധകർ. സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈൻ സിനിമയിൽ മാത്രമാണ് മോഹൻലാലും ഫഹദും ഒരുമിച്ച് അഭിനയിച്ചത്. എ.സി.പി രതീഷ് വാസുദേവൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. അനൂപ് എന്ന പൊതുപ്രവർത്തകന്റെ വേഷത്തിലാണ് ഫഹദ്.