കിളിമാനൂർ: ഓണസീസൺ അടുത്തുവരുന്നതോടെ വരവ് നേന്ത്രക്കായയുടെ വില ഉയരുകയും ഇത്തവണത്തെ ഓണത്തിന് സദ്യയിൽ ചിപ്സും വറ്റലും മറക്കേണ്ട അവസ്ഥയിലുമാണ് മലയാളികൾ. പ്രതികൂല കാലാവസ്ഥയിൽ നാടൻ നേന്ത്രക്കായയുടെ ഉത്പാദനത്തിലുണ്ടായ ലഭ്യതക്കുറവാണ് വരവ് നേന്ത്രക്കായയ്ക്ക് വില ഉയരാനിടയാക്കിയത്. ഒരു മാസം മുമ്പുവരെ വരവ് നേന്ത്രക്കായയുടെ ഹോൾസെയിൽ വില മുപ്പത് രൂപയായിരുന്നത് ഇപ്പോൾ അറുപത് രൂപയായി ഉയർന്നു. ചില്ലറ വില അറുപത്തിയഞ്ചും പഴുത്തു കഴിഞ്ഞാൽ എൺപത് രൂപയായും മാറും. ഓണസീസൺ അടുത്തുവരുന്നതോടെ ഇനിയും വരവ് നേത്രക്കായയ്ക്ക് വില ഉയർന്നേക്കാം. നാടൻ നേന്ത്രക്കായ ഉത്പാദനത്തിലുണ്ടായ കുറവുമൂലം വിപണി കീഴടക്കി മുന്നേറുകയാണ് തമിഴ്‌നാട് നേന്ത്രക്കുലകൾ.

 വിരവ് നേന്ത്രക്കായയ്ക്ക് വില

ഹോൾസെയിൽ..... ഒരുമാസം മുമ്പ്.......... 30 രൂപ

നിലവിൽ.......... 60 രൂപ

ചില്ലറയായി........65 രൂപ

നേന്ത്രപ്പഴത്തിന്.......... 85 രൂപ

 വില ഏറും

പ്രദേശത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ നെടുമങ്ങാട്, കിളിമാനൂർ ചന്തകളിൽ നാടൻ നേന്ത്രക്കായകൾ അധികവും കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. എന്നാൽ വേനൽക്കാലത്തെ ചൂടിൽ വാഴകളെല്ലാം ഉണങ്ങി. ഇത് മറികടന്ന വാഴക്കർഷകർ പിന്നീട് പെയ്ത മഴയിൽ വീണു. ഇനി പ്രതീക്ഷ വരവ് കായകൾക്കാണ്. അതിന് വലിയ വിലകൊടുക്കേണ്ടിയും വരും.

 തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്നാണ് ഇപ്പോൾ കായ വരുന്നത്. ഇപ്പോഴേ ചിപ്സും വറ്റലും നിർമ്മാണം തുടങ്ങിയാലേ ഓണത്തിന് എല്ലാ കടകളിലും എത്തൂ എന്ന് നിർമ്മാതാക്കൾ പറയുന്നു.