1

തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനിടെ വീണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് തിരുവനന്തപുരം കൈതമുക്ക് സ്വദേശി ബിജുവിനെ (50) വഴിയാധാരമാക്കിയത്. ചികിത്സയ്ക്കായി പണം ഏറെ ചെലവാക്കേണ്ടിവന്നപ്പോൾ കിടപ്പാടം വിൽക്കേണ്ടിവന്നു. പോകാൻ മറ്റൊരിടമില്ല, ജോലി ചെയ്യാനുള്ള ആരോഗ്യവുമില്ല. ഒടുവിൽ തന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിലെ ആറുപേർക്കൊപ്പം തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിൽ തലചായ്ക്കാൻ ഇടംകണ്ടെത്തി. ഒരു മറപോലുമില്ലാതെ ആറുമാസമായി ഇവിടെ ദുരിത ജീവിതം. മനുഷ്യപ്പറ്റുള്ള ചിലർ നൽകുന്ന ഭക്ഷണപ്പൊതിയാണ് വിശപ്പകറ്റുന്നത്.

ഭാര്യ ഗിരിജ (49), മാതാവ് ലളിത (86), മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ഷാനു (51), പിതൃസഹോദരി നിർമ്മല (76),ബന്ധുക്കളായ രവി (59),രാജൻ (63) എന്നിവർക്കൊപ്പമാണ് ബിജു പാലത്തിനടിയിൽ അഭയം പ്രാപിച്ചത്. ശ്രീകണ്ഠേശ്വരത്തേക്കുള്ള റോഡിന്റെ ഭാഗത്താണ് കഴിയുന്നത്. ഇവർക്കൊപ്പം വള‌ർത്തുനായ കല്യാണിയുമുണ്ട്.

കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമാണിത്. എങ്കിലും വേറെ നിവൃത്തിയില്ല. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ പൊലീസുകാർ വന്ന് തട്ടിയുണർത്തി വിരട്ടിയോടിക്കാൻ ശ്രമിക്കും. ദുരിതകഥ കേൾക്കുമ്പോൾ പിൻവാങ്ങും. ഗുണ്ടകളുടെ ഭീഷണിയുമുണ്ട്. ഒന്നു തലചായ്ക്കാൻ അവരുടെ കാലും പിടിക്കണം. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനാണ് ഏറ്റവുമധികം ബുദ്ധിമുട്ട്.

വീഴ്ചയിൽ നഷ്ടപ്പെട്ടത് വീട്

കെട്ടിട നിർമ്മാണതൊഴിലാളിയായ ബിജു 2002ലാണ് ചാരത്തിൽ നിന്ന് വീണത്. ചികിത്സയ്ക്കായി ഏറെ പണം ചെലവായി. അതോടെ താമസിച്ചിരുന്ന റോഡരികിലെ ചായ്പ് 35,000 രൂപയ്ക്ക് ഒരാൾക്ക് ഒറ്റിക്ക് നൽകി. നാലര മാസത്തെ ചികിത്സ കഴിഞ്ഞെങ്കിലും വീട് തിരിച്ചെടുക്കാനായില്ല. തുച്ഛവിലയ്ക്ക് വീട് അയാൾക്ക് തന്നെ വിറ്റു. വാടകയ്ക്ക് ഒരു ചെറുവീട് അന്വേഷിച്ചെങ്കിലും ആരും നൽകാൻ തയ്യാറായില്ല. അങ്ങനെ കൈയിൽ ബാക്കിയുണ്ടായിരുന്ന കാശും തീർന്നു. പോകാൻ മറ്രൊരിടമില്ല.