yogesh1
വിജിലൻസ് ഡയറക്ടറായി യോഗേഷ് ഗുപ്ത ചുമതലയേൽക്കുന്നു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ക്യാഷ് രജിസ്റ്ററിലെ നൂറും,അഞ്ഞൂറും രൂപയുടെ വ്യത്യാസം കണ്ടു പിടിക്കുന്നതല്ല വിജിലൻസിന്റെ ജോലിയെന്നും ,വമ്പൻമാരുടെ അഴിമതികൾ പിടി കൂടി സമൂഹത്തിന് ശക്തമായ അഴിമതി വിരുദ്ധ സന്ദേശം നൽകാനാവണമെന്നും വിജിലൻസിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ യോഗേഷ് ഗുപ്ത 'കേരളകൗമുദി'യോട് പറഞ്ഞു. രജിസ്റ്ററിലെ ക്രമക്കേട് കണ്ടെത്താൻ വകുപ്പുതല സംവിധാനമുണ്ടാക്കണം. ചെറിയ കാര്യങ്ങൾക്ക് വിജിലൻസിനെ ഉപയോഗിച്ചാൽ വൻ അഴിമതിക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതാവും. എല്ലാ പഴുതുകളുമടച്ച് അഴിമതിക്കാരെ പൂട്ടും- ചാർട്ടേർഡ് അക്കൗണ്ടന്റായ യോഗേഷ് വിശദീകരിച്ചു..

?വിജിലൻസിൽ മാറ്റങ്ങൾ

=ജനങ്ങളിൽ നിന്ന് അഴിമതിയുടെ വിവരങ്ങൾ ശേഖരിക്കാനും അത് രേഖപ്പെടുത്തി നടപടിയെടുക്കാനും ഫലപ്രദമായ സംവിധാനമുണ്ടാക്കും. അഴിമതിവിരുദ്ധ നടപടികളിൽ ജനകീയ പങ്കാളിത്തമുണ്ടാവണം. ഓഫീസുകളിലെ മിന്നൽ പരിശോധന, കൈക്കൂലി പിടിക്കുന്ന ട്രാപ്പ് ഓപ്പറേഷനുകൾ മാത്രംപോരാ. ഹൈ പ്രൊഫൈൽ അഴിമതികൾ പിടിച്ചാലേ ജനങ്ങൾക്കും സമൂഹത്തിനും ഗുണകരമാവൂ. ഇത്തരം കേസുകൾ ജനങ്ങൾക്കിടയിലുണ്ടാക്കുന്ന അവബോധം വലുതാണ്. നൂറും ഇരുനൂറും രൂപയുടെ അഴിമതി പിടിക്കാനല്ല വിജിലൻസിൽ ഇത്രയും വലിയ സംവിധാനം. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോയാൽ പോരാ

?വിജിലൻസിന്റെ കാര്യക്ഷമത കൂട്ടാൻ നടപടികൾ

=അഴിമതിക്കെതിരായ പോരാട്ടത്തിന് വിജിലൻസിൽ തികച്ചും പ്രൊഫഷണലായ സ്ഥിരം സംവിധാനമുണ്ടാക്കും. ഒരു മാസത്തിനകം ഇതിനുള്ള ഉത്തരവുണ്ടാകും. അഴിമതി പിടിക്കാൻ കാര്യക്ഷമതയുള്ള ഏജൻസിയാക്കും. സി.ബി.ഐയുടെ ആന്റികറപ്ഷൻ ബ്യൂറോയുടെ മാതൃകയിലായിരിക്കും ഇത്.

?വിജിലൻസിന് ആൾബലം കുറവാണെന്ന പരാതി

=നിലവിലുള്ള ആൾബലം കാര്യക്ഷമമായി ഉപയോഗിക്കണം. പൊലീസിൽ ഒരാളുടെ ജോലി മൂന്നു പേർ ചെയ്യുന്ന രീതിയുണ്ട്. ചില സീറ്റുകളിൽ തിരക്കുള്ള ജോലിയാണെങ്കിൽ ചിലർ ഉറക്കമായിരിക്കും. ആത്മാർത്ഥതയും കാര്യക്ഷമതയുമുള്ളവരെ ഡെപ്യൂട്ടേഷനിൽ വിജിലൻസിലെടുക്കണം.

?വിജിലൻസിൽ നിയമനം

=വിജിലൻസിൽ ആദ്യമാണ്. അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പ്രവർത്തിച്ചിരുന്നു. പ്രൊഫഷണൽ സംവിധാനം വരുന്നതോടെ വിജിലൻസിന്റെ അഴിമതിവിരുദ്ധ നടപടികൾ ശ്രദ്ധേയമാവും.

.