photo

തിരുവനന്തപുരം: വലിയതുറ കടൽപ്പാലത്തിനു സമീപത്ത് സ്ഥിതിചെയ്യുന്ന മാരിടൈം ബോർഡിന്റെ പ്രവർത്തനരഹിതമായി കിടക്കുന്ന ഹെഡ് ഓഫീസ് തകർച്ചയുടെ വക്കിൽ. ഇരുനില കെട്ടിടം ഏത് സമയത്തും തകർന്നുവീഴാവുന്ന നിലയിലാണ്. ഒരുവർഷം മുമ്പുവരെ ഇവിടെയാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ശാസ്തമംഗലം മുളമൂട്ടിലെ വാടക കെട്ടിടത്തിലാണ് മാരിടൈം ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നത്.

കെട്ടിടത്തിന്റെ മേൽക്കൂരയിലെ കമ്പികൾ തുരുമ്പിച്ച് ഇളകിവീഴുന്നത് പതിവാണ്. ശക്തമായ കാറ്റിൽ മേൽക്കൂര മേഞ്ഞിരിക്കുന്ന ഷീറ്റുകൾ പറന്ന് പോകുമായിരുന്നു. ഒരുമാസം മുമ്പ് ഷീറ്റെല്ലാം മാറ്റി. ഉപ്പ് കാറ്റേൽക്കുന്നതിനാലാണ് കമ്പികൾ പെട്ടെന്ന് തുരുമ്പെടുക്കുന്നത്. കെട്ടിടത്തിന്റെ വശങ്ങളിലുള്ള കണ്ണാടികളും ഇളകിവീഴുന്ന സ്ഥിതിയിലാണ്. സെക്യൂരിറ്റി ജീവനക്കാർ വിശ്രമിക്കുന്നതും പോർട്ട് കൺസർവേറ്ററുടെ റൂമും ഈ കെട്ടിടത്തിലാണ്. അപകടാവസ്ഥയിലായ വലിയതുറ പാലത്തിൽ സന്ദർശകർക്ക് പ്രവേശനമില്ലെങ്കിലും ആളുകൾ ഈ കെട്ടിടത്തിൽ വിശ്രമിക്കാറുണ്ട്. കാടുപിടിച്ചു കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ താവളവുമാണ്. സമീപത്ത് മത്സ്യക്കച്ചവടവും ഉണ്ട്. മാരിടൈം ബോർഡിലെ പഴയ ഫയലുകൾ ഇപ്പോഴും സമീപത്തെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയതുറയിൽ 2011 ഫെബ്രുവരി 2നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ മാരിടൈം ബോർഡിന്റെ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത്. 2012 ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങി. 17 നോൺ മേജർ പോർട്ടുകളുടെ ഹെഡ് ഓഫീസും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്.

 സ്വകാര്യ വ്യക്തിക്ക് ടെൻഡർ നൽകും
പോർട്ടിന്റെ കീഴിലുള്ള വലിയതുറ പാലവും ഹെഡ് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടവും ക്വാർട്ടേഴ്സും സ്ഥലവും ഉൾപ്പെടെ വാണിജ്യ കേന്ദ്രങ്ങളോ ടൂറിസ്റ്റ് കേന്ദ്രങ്ങളോ ആക്കിമാറ്റുന്നതിന് ടെൻഡർ നൽകുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. മൂന്ന് മാസത്തിനകം ടെൻഡർ വിളിക്കും.