തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ 18,19,20 തീയതികളിൽ നടക്കും. 20ന് വൈകിട്ട് 6.30ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശവും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഷാഫി പറമ്പിൽ എം.പി, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ചെയർമാൻ ജി.മോഹൻദാസ്, നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ, ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷനാവും. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, അഡ്വ.എ.എ. റഹീം എം.പി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഭീമ ഗ്രൂപ്പ് എം.ഡി എസ്.സുഹാസ്, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, ഐ.എം.ബി ഹോസ്‌പിറ്റൽ സി.എം.ഡി ഡോ.ഡി. രാജു, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം.പ്രസന്നകുമാർ, ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൈജു പവിത്രൻ, വൈസ് പ്രസിഡന്റ് കുണ്ടൂർ എസ്.സനൽ എന്നിവർ സംസാരിക്കും. ഡോ.വി. ഗിരി കരിയം, ഡോ.ശ്യാംറോയ് കുളത്തൂർ എന്നിവരെ ആദരിക്കും.
ഉച്ചയ്ക്ക് 3ന് തിരുജയന്തി ഘോഷയാത്ര മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാവും. സ്വാമി അഭയാനന്ദ, നഗരസഭ കൗൺസിലർമാരായ ഡി.ആർ. അനിൽ, സ്റ്റാൻലി ഡിക്രൂസ്, ഗായത്രീദേവി, ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി. മഹാദേവൻ, സബ്കമ്മിറ്റി കൺവീനർ ജെ.വി.ജയശങ്കർ തുടങ്ങിയവർ പങ്കെടുക്കും. 4ന് ഗുരുകുലത്തിൽ നിന്ന് ഗുരുദേവ റിക്ഷയും വഹിച്ചുള്ള ഘോഷയാത്ര.
18ന് രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ധർമ്മപതാക ഉയർത്തും. ഉച്ചയ്ക്ക് 12ന് ഗുരുപൂജ. തുടർന്ന് വിശേഷാൽ അന്നദാനം. 19ന് ഉച്ചയ്ക്ക് 12ന് ഗുരുപൂജ. 20ന് രാവിലെ 6 മുതൽ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും ഉണ്ടായിരിക്കും. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കലാപരിപാടികൾ ഒഴിവാക്കി.