
തിരുവനന്തപുരം: കരമനയാറിനെ മാലിന്യമുക്തമാക്കാനുള്ള ബൃഹത് പദ്ധതികളുമായി ആര്യനാട് ജനമൈത്രി പൊലീസ്. ജില്ലയിലെ പ്രധാനപ്പെട്ട നദിയായ കരമനയാറിന്റെ ദുരവസ്ഥയെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'കരയുന്ന കരമനയാർ പരമ്പര'യെ തുടർന്നാണ് തീരുമാനം.
ചരിതപ്രാധാന്യമായുള്ള നദിയെ പഴയകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് പദ്ധതി. മനുഷ്യവിസർജ്യവും രാസമാലിന്യവും കലർന്ന കരമനയാറിനെക്കുറിച്ചുള്ള പരമ്പര ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആര്യനാട് എസ്.എച്ച്.ഒ അജേഷിന്റെ നേതൃത്വത്തിൽ ജനമൈത്രി കൂട്ടായ്‌മയുടെ യോഗം ചേർന്നാണ് പ്രാഥമികമായി നടപ്പാക്കേണ്ട പദ്ധതി തയ്യാറാക്കിയത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗവും ചേരും.
ഇടപെടൽ ഇങ്ങനെ
----------------------------------
1.ആദ്യഘട്ടമായി പൊതുജനങ്ങൾ,സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ,സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് പുഴനടത്തം സംഘടിപ്പിക്കും.
(നദിയിലേക്ക് സെപ്റ്റിക് മാലിന്യമടക്കം ഒഴുക്കുന്ന വീടുകൾ,സ്ഥാപനങ്ങൾ എന്നിവയെ കണ്ടെത്തുകയാണ് ലക്ഷ്യം.)
2.ഇത്തരക്കാരെ കണ്ടെത്തി ആദ്യഘട്ടമായി ബോധവത്‌കരണം നൽകും. മാലിന്യ നിക്ഷേപം തുടർന്നാൽ ക്രിമിനൽ കേസടക്കമുള്ള നടപടി.
3.കടവ് കമ്മിറ്റികൾ യോഗം ചേർന്ന് ഇത്തരം മേഖലകളിൽ മാലിന്യനിക്ഷേപം തടയാൻ നടപടി സ്വീകരിക്കും.
4.കടവുകളിൽ തുളസി ഉൾപ്പെടെയുള്ള ഔഷധച്ചെടികൾ വച്ചുപിടിപ്പിക്കും.
5.രാത്രികാലങ്ങളിൽ മാലിന്യം ചാക്കിൽ കെട്ടി ആറ്റിൽ നിക്ഷേപിക്കുന്നത് കണ്ടെത്താൻ പദ്ധതികൾ തയ്യാറാക്കും.
ഒരു വർഷത്തോളം നീളുന്ന പരിപാടിയിൽ ഓരോ മാസവും വ്യത്യസ്‌ത പരിപാടികളാണ് സംഘടിപ്പിക്കുക. ജലസ്രോതസുകൾ മലിനമാക്കുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനൽ കുറ്റമാക്കിയുള്ള നിയമം നിലവിൽ വന്ന പശ്ചാത്തലത്തിൽ മാലിന്യനിക്ഷേപം നടത്തുന്നവരെ പിടികൂടാൻ കർശന നടപടികളാണ് ആര്യനാട് പൊലീസ് ആലോചിക്കുന്നത്. ഇറച്ചിക്കടകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ,വാഹന സർവീസ് സ്റ്റേഷനുകൾ തുടങ്ങി മാലിന്യം പുറന്തള്ളാൻ സാദ്ധ്യതയുള്ള സ്ഥാപനങ്ങളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാക്കും. ആര്യനാട് സ്റ്റേഷൻ അതിർത്തിയിലെ ആര്യനാട്,ഉഴമലയ്‌ക്കൽ,വെള്ളനാട് പഞ്ചായത്തുകളിലൂടെയാണ് കരമനയാർ ഒഴുകുന്നത്.
പ്രതികരണം
--------------------
ആര്യനാട് സ്റ്റേഷൻ അതിർത്തിയിലെ അഞ്ച് സ്‌കൂളുകളിലെ എസ്.പി.സി കേഡറ്റുകൾ,സന്നദ്ധ സംഘടനകൾ, ടാക്‌സി -ഓട്ടോ ഡ്രൈവർമാർ എന്നിവരുടെ സഹകരണത്തോടെ ഒരുവർഷം നീളുന്ന പരിപാടികൾക്ക് രൂപം നൽകും.
അജേഷ്,ആര്യനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ
ജനമൈത്രി പൊലീസ് ആദ്യമായാണ് ഒരു നദിയുടെ
പുനരുജ്ജീവനത്തിനായി മുന്നിട്ടിറങ്ങുന്നത്.
ജനമൈത്രി കമ്മിറ്റി അംഗം
എം.എസ്.സുകുമാരൻ