കിളിമാനൂർ: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വെച്ചതോടെ ഓണപ്പരിപാടികൾ സ്വപ്നം കണ്ടിരുന്ന പലമേഖലയിലുള്ളവർ ആശങ്കയിൽ. സമിതികൾക്കോ, സംഘടനകൾക്കോ ഓണാഘോഷം വേണ്ടെന്ന തീരുമാനം ബാധകമല്ലെങ്കിലും നാടിനോട് ഐക്യമുള്ള സംഘടനകളും ഓണപ്പരിപാടി വേണ്ടെന്ന ആലോചനയിലാണ്. അറിയിപ്പ് വന്നതോടെ ഓണ സീസൺ ലക്ഷ്യമാക്കി ലക്ഷങ്ങൾ മുടക്കിയ കലാകാരന്മാരും വ്യാപാരികളും ആശങ്കയിലുമാണ്.
ചിങ്ങമാസത്തിൽ ഓണാഘോഷവും കല്യാണ സീസണുകളുമാണ് ഒരുമിച്ചെത്തുന്നത്. വസ്ത്ര വ്യാപാര മേഖലയ്ക്കാണ് ഏറ്റവും കൂടുതൽ പ്രതീക്ഷ. കൊവിഡിന് ശേഷം തലയുയർത്തിയ വ്യാപാര മേഖല, ആഘോഷം മാറ്റിവെച്ചതോടെ പ്രതിസന്ധിയിലായി.
വസ്ത്ര വിപണി മാത്രമല്ല, ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും വലിയതോതിൽ വിറ്റഴിക്കപ്പെടുന്ന കാലമാണ് ഓണ സീസൺ. ഇത് മുന്നിൽ കണ്ടുള്ള ഒരുക്കമാണ് എല്ലാ വിഭാഗം വ്യാപാരികളും നടത്തിയിരുന്നത്.
പ്രതിസന്ധിയിൽ തൊഴിലാളികൾ
പരിചയത്തിന്റെ പേരിൽ വാക്കാൽ ലഭിച്ച ബുക്കിങ്ങുകളാണ് പലതും. ആലോചിച്ച് പറയാമെന്ന മറുപടിയിൽ നിന്ന് പരിപാടികൾ റദ്ദാക്കുകയാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് കലാകാരന്മാർ പറയുന്നു. നാടകം, മിമിക്സ്, ഗാനമേള തുടങ്ങിയ പരിപാടികളുടെ ബുക്കിംഗ് ആണ് സംഘാടകർ പിൻവലിച്ചുതുടങ്ങിയത്. ഇത് കൂടാതെ മൈക്ക് സെറ്റ്, ലൈറ്റ്, പന്തൽ തൊഴിലാളികളും ആശങ്കയിലാണ്. പരിപാടികൾ വഴി ലഭിക്കുന്ന വരുമാനമാണ് കലാകാരന്മാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്.