വക്കം: ഒരുകാലത്ത് കയർ വ്യവസായത്തിന് പേരുകേട്ട വക്കത്തെ മിക്ക കയർ സൊസൈറ്റികളും അടച്ചുപൂട്ടിയതോടെ പരമ്പരാഗത റാട്ടുകളിൽ കയർ നെയ്ത തൊഴിലാളികൾ ദുരിതത്തിലാണ്. വക്കത്ത് അഞ്ച് സൊസൈറ്റികൾക്ക് താഴു‌വീണതോടെ ആയിരത്തോളം വരുന്ന തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലായി. ഇരുനൂറോളം റാട്ടുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇതിൽ ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികൾ ജോലിചെയ്തിരുന്നു. 1950 മുതൽ 57 വരെ വിവിധ ഇടങ്ങളിൽ ആരംഭിച്ച കയർ സൊസൈറ്റികൾ വളർച്ചയുടെ പടികൾ കയറിയെങ്കിലും പിന്നീട് ഇവ കൂപ്പുകുത്തി. വക്കത്തെ ഒട്ടുമിക്ക വീടുകളിലും കുടിൽ വ്യവസായമായി ചെയ്തിരുന്ന ചെറുകിട യൂണിറ്റുകളിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവർത്തിക്കുന്നത്. സംഘങ്ങളും റാട്ടുകളും നിലച്ചതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾക്കുപോലും ജോലിയില്ലാതായി.

 താഴു വീണത്

1. വക്കം അണയിൽ കയർ സൊസൈറ്റി,

2.അകത്തുമുറി തെക്ക് കയർ വ്യവസായ സംഘം

3.മണനാക്ക് കയർ സൊസൈറ്റി

4. വക്കം നോർത്ത് വെസ്റ്റ് കയർ സംഘം

5.ഇറങ്ങുകടവ് കയർ സംഘം

രാത്രി വൈകിയും പ്രവർത്തിച്ചിരുന്ന മങ്കുഴി മാർക്കറ്റ് കയർനിർമ്മാണം നിന്നതോടെ അവ ഓർമ മാത്രമായി.

 അവഗണനയോടൊപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.

കേരകൃഷിയുടെ ഈറ്റില്ലമായ വക്കത്തുകാർ തേങ്ങ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിൽ

പ്രതികരണം: ഒരുകാലത്ത് വീട്ടിലെ പ്രധാന ജീവിതമാർഗ്ഗം കയർ വ്യവസായമായിരുന്നു. കയർ വ്യവസായം അഭിവൃദ്ധിയിലായിരുന്നപ്പോൾ വക്കം മങ്കുഴി മാർക്കറ്റ് രണ്ടു നേരം കൂടുമായിരുന്നു. അതിലൂടെ ചെറുകിട കച്ചവടക്കാരും വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടു.

യു.പ്രകാശ്, ഐ.എൻ.ടി.യു.സി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ആൻഡ് അഖിലേന്ത്യ കൗൺസിൽ മെമ്പർ