വർക്കല: ശ്രീനിവാസപുരം എം.ജി നഗർ നിവാസികൾ പട്ടയത്തിനായി യാചിക്കാൻ തുടങ്ങിയിട്ട് 24 വർഷത്തോളമായി. പട്ടികജാതിയിൽപ്പെട്ട നിർദ്ധനരായ 165 കുടുംബങ്ങളിലായി 500ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. വീടും ഭൂമിയും ഉണ്ടെന്നു പറയാമെങ്കിലും ഇവരുടെ ഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. കൂലിവേലയ്ക്ക് പോയി അന്നന്നത്തെ അന്നം കണ്ടെത്തുന്ന ഇവർ തങ്ങൾ അധിവസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. സ്വകാര്യവക്തികളിൽ നിന്നും 4 ഏക്കർ 75 സെന്റ് ഭൂമി സർക്കാർ വിലയാധാരം വാങ്ങിയതാണ് വർക്കല നഗരസഭ എം.ജി നഗറിനായി ഉപയോഗപ്പെടുത്തിയത്. 24 വർഷത്തിനുള്ളിൽ 165 കുടുംബങ്ങളിൽ 80 ഓളം പേർക്ക് അതിർത്തി തിരിച്ചു പ്രമാണം നൽകി. ബാക്കി 85 ഓളം പേർക്ക് അതും ലഭിച്ചിട്ടില്ല.
പണി ബാക്കി
1997-98 ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭൂരഹിത പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് 3 സെന്റ് ഭൂമിയും വീടും സർക്കാർ നൽകി. 40 വീടുകളാണ് സർക്കാർ ആദ്യഘട്ടത്തിൽ നിർമ്മിച്ച് താക്കോൽ കൈമാറിയത്. വീടുകളുടെ രൂപകല്പനയും നിർമ്മാണവും സർക്കാർ ഏജൻസിയായ കോസ്റ്റ് ഫോർഡായിരുന്നു. എന്നാൽ ഇതിൽ പല വീടുകളും പൂർത്തിയാക്കിയിട്ടില്ലെന്നാണ് പരാതി. ചിലർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി പണി പൂർത്തിയാക്കി. ബാക്കി ഓരോ വീടിനും 35,000 രൂപ നിർമാണച്ചെലവ് ഇനത്തിൽ സർക്കാർ കൈമാറി. വർക്കലയിലെ രാമന്തളി, തൊടുവേ, ചാലുവിള, ജവഹർപാർക്ക്, പുതുവൽ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയവരാണ് എം.ജിനഗറിലെ കുടുംബങ്ങൾ.
ഉള്ളത് .... 165 കുടുംബങ്ങൾ
പട്ടയം കിട്ടിയത്......80 പേർക്ക്
കിട്ടാനുള്ളത്.... 85 പേർക്ക്
കാലപ്പഴക്കവും ബലക്ഷയവും
കാലപ്പഴക്കത്താൽ മിക്ക വീടുകളുടെയും അടിസ്ഥാനം ഇളകി. മേൽക്കൂരയുടെ കോൺക്രീറ്റും പൊട്ടിയൊലിച്ചു തകർന്ന നിലയിലാണ്. മഴപെയ്താൽ വീടിനുള്ളിൽ വെള്ളം കയറി അന്തിയുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഇവിടുത്തെ താമസക്കാർ പരാതിപ്പെടുന്നു. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മഴക്കാലത്തു ഇവർ കഴിയുന്നത്. കാലപ്പഴക്കം കൊണ്ട് വീടുകൾ പൊളിഞ്ഞു വീഴാറായെന്ന പരാതിയുമായി വില്ലേജ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ വീടുകൾ ഇടിഞ്ഞുവീണ ശേഷം ധനസഹായം നൽകാമെന്നാണ് മറുപടി ലഭിച്ചതെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. കുടിവെള്ള കണക്ഷനുകൾ നൽകിയതൊഴിച്ചാൽ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഇവിടുത്തുകാർക്കില്ല. പ്രദേശത്തെ റോഡുകളും തകർന്ന നിലയിലാണ്.