കല്ലമ്പലം: നഗരൂർ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരവാരം തോട്ടയ്‌ക്കാട് വടകോട്ടുകാവ് അക്ഷയ് ഭവനിൽ ചുമട്ടുതൊഴിലാളിയായ അനിൽകുമാറിന്റെയും ലതികയുടെയും മകൻ അക്ഷയ് (21), നെടുംപറമ്പ് തോക്കാല പുതുവിള പുത്തൻവീട്ടിൽ തുളസി - രാജി ദമ്പതികളുടെ മകൻ അനന്ദു (18) എന്നിവരാണ് ഇന്നലെ പുലർച്ചെ മരിച്ചത്. നഗരൂർ തണ്ണിക്കോണം പണയിൽ വീട്ടിൽ ബാബു -ഗിരിജ ദമ്പതികളുടെ മകൻ നിതിൻ ബാബു (29) അപകടത്തിൽ തത്ക്ഷണം മരിച്ചിരുന്നു. നിതിനൊപ്പമുണ്ടായിരുന്ന വെള്ളല്ലൂർ സ്വദേശി ജിതിൻ പരിക്കുകളോടെ മെഡി.കോളേജിൽ ചികിത്സയിലാണ്.
പുല്ലൂർമുക്ക് സ്നേഹ ആശുപത്രിക്കു സമീപം ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. എതിർദിശകളിൽ നിന്ന് അമിതവേഗത്തിലെത്തിയ വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിക്കുകയായിരുന്നു. അക്ഷയും അനന്ദുവും സുഹൃത്തിനെ കല്ലമ്പലത്ത് വിട്ടശേഷം മടങ്ങിവരികയായിരുന്നു. നിതിനും ജിതിനും കല്ലമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് വീണാണ് നിതിൻ മരിച്ചത്. കൂട്ടിയിടിയുടെ വൻ ശബ്ദം കേട്ടെത്തിയ നാട്ടുകാർ നോക്കുമ്പോൾ മൂവരും രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകട സമയത്ത് ഒരു കാർ റോഡിൽ കൂടി പോകുന്നുണ്ടായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാകാം അപകടം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. വ്യക്തത വരുത്താൻ പൊലീസ് ഇവിടത്തെ സി.സി ടി,വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും പൂർണമായും തകർന്നു. നീതുവാണ് നിതിന്റെ സഹോദരി. അക്ഷയുടെ സഹോദരൻ അജിത്ത് കുമാർ. അഖിലയാണ് അനന്ദുവിന്റെ സഹോദരി.