കല്ലമ്പലം/ആറ്റിങ്ങൽ: നാവായിക്കുളത്ത് യുവതിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനു പിന്നാലെ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണമെന്നും സ്വയംചികിത്സ പാടില്ലെന്നും നാവായിക്കുളം ഹെൽത്ത് ഇൻസ്‌പെക്ടർ മുന്നറിയിപ്പ് നൽകി.
രോഗം സ്ഥിരീകരിച്ച നാവായിക്കുളം സ്വദേശി ശരണ്യയുടെ സ്രവ പരിശോധനാഫലം കഴിഞ്ഞദിവസമാണ് ലഭിച്ചത്. അടുത്തിടെ വീടിനടുത്തുള്ള തോട്ടിൽ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞതിനെ തുടർന്ന് ഈ തോട്ടിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നെയ്യാറ്റിൻകര കണ്ണറവിള,പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് നാവായിക്കുളത്തും രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ജർമ്മനിയിൽ നിന്നെത്തിച്ച മരുന്ന് ഉൾപ്പെടെയാണ് രോഗികൾക്ക് നൽകുന്നത്.
രോഗം ബാധിച്ച് നെയ്യാറ്റിൻകര കണ്ണറവിള പൂതംകോട് സ്വദേശി അഖിൽ (27) കഴിഞ്ഞ മാസം 23ന് മരിച്ചിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവിൽ കുളത്തിൽ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. പൊതുകുളം ഉപയോഗിക്കാത്ത പേരൂർക്കട സ്വദേശിക്ക് രോഗമുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് അധികൃതർ കാവിൻകുളത്തിലെ കലങ്ങിയ വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് നൽകിയെങ്കിലും ഫലം ലഭിച്ചിട്ടില്ല.
ബോധവത്കരണ സെമിനാർ
നാവായിക്കുളത്ത് ആരോഗ്യ പ്രവർത്തകൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ വീടുകൾ തോറും കയറി ശുചീകരണം വിലയിരുത്താൻ ആശാപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന രോഗലക്ഷണം തലവേദനയും കഴുത്തിനു പിന്നിലെ വേദനയുമാണ്.കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിലാണ് രോഗം കണ്ടുവരുന്നത്. മലിനജലം,പായൽ മൂടിയ ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകരുതെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.