തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണഘട്ടത്തിലും തുറമുഖം പ്രവർത്തനമാരംഭിക്കുമ്പോഴും തദ്ദേശവാസികൾക്ക് മുൻഗണന നൽകുമെന്ന് പറഞ്ഞവർ അവരെ പടിക്ക് പുറത്താക്കുകയാണെന്ന് ഹാർബർ ഐ.എൻ.ടി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ടി.ശരത്‌ചന്ദ്ര പ്രസാദ്. തൊഴിൽവിഷയത്തിൽ സർക്കാരിന്റെയും അദാനിയുടെയും വാഗ്ദാനം ലംഘിച്ച് നാട്ടുകാരെ പുറത്താക്കി തന്നിഷ്ടക്കാരെ കയറ്റുന്ന ഉദ്യോഗസ്ഥരുടെ ഗൂഢശ്രമം അവസാനിപ്പിക്കണം. തൊഴിലാളി യൂണിയനുകൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ജനങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമം സർക്കാരും അദാനിയും തിരിച്ചറിയണമെന്നും ശരത്ചന്ദ്രപ്രസാദ് പ്രസ്‌താവനയിൽ പറഞ്ഞു.