ബാലരാമപുരം: വയനാട് ദുരന്തത്തിൽ ഫണ്ട് സമാഹരണത്തിന് മുന്നിട്ടിറങ്ങി മഡോണയും ഇസബെല്ലയും. മഡോണ എന്ന കുതിരയും ഇസബെല്ലയെന്ന ഒട്ടകവുമാണ് വീട്ടുമുറ്റങ്ങളിൽ അതിഥികളായെത്തി വയനാടിന് കൈത്താങ്ങാവുന്നത്.
'സ്നേഹപൂർവ്വം വയനാടിനൊരു സെൽഫി' എന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ സംഘാടകർ സി.പി.ഐ വടക്കേവിള ബ്രാഞ്ചാണ്. പൊതുജനങ്ങൾ സന്തോഷത്തൊടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറണമെന്ന സന്ദേശവും ഇതിന് പിന്നിലുണ്ട്. കുതിരയ്ക്കും ഒട്ടകത്തിനുമൊപ്പം പൊതുജനങ്ങളും കുട്ടികളും സെൽഫിയെടുത്താണ് ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്.
പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ സുനു, സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയംഗം സതീഷ് ബാബു, ശ്രീകണ്ഠൻ നായർ, സുരേഷ് മിത്ര, ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ, ശിവപ്രസാദ്, കുട്ടൻ, സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കൗതുകത്തോടെ
വീട്ടുമുറ്റങ്ങളിലെത്തിയ അതിഥികളെ കണ്ടതോടെ എല്ലാവർക്കും കൗതുകമായി. ഉദ്ദേശ്യം വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതും തങ്ങളുടെ മക്കളെ കുതിരയിലും ഒട്ടകത്തിലും സവാരി നടത്താൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. നൂറോളം വീടുകൾ കയറിയിറങ്ങി പതിനായിരത്തോളം രൂപ സമാഹരിച്ചതായി സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കൈമാറും.