കാട്ടാക്കട: ലോക ഗജദിനത്തിൽ കോട്ടൂരിൽ ആന മുത്തച്ഛൻ സോമൻ അടക്കമുള്ള ആനകൾക്ക് വിഭവസമൃദ്ധമായ ആനയൂട്ട്. ആനയൂട്ടിനായി കുളിച്ചൊരുങ്ങി ചന്തത്തിൽ 15 ആനകൾ അണിനിരന്നത് കൗതുകക്കാഴ്ചയായി. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമുള്ള 83കാരനായ സോമന് ഭക്ഷണം നൽകി ഫോറസ്റ്റ് കൺസർവേറ്റർ കെ.എൻ.ശ്യാംമോഹൻലാൽ ഗജദിനാഘോഷം ഉദ്ഘാടനം ചെയ്തു. ആദ്യം ശർക്കരയും ചോറും ഉരുളയാക്കി നൽകി. ഒപ്പം ചക്ക,ഏത്തപ്പഴം, തണ്ണിമത്തൻ,വെള്ളരി എന്നിവയും നൽകി. തുടർന്ന് മിന്ന,അമ്മു,പൊടിച്ചി,മനു, മായ,ഹരികൃഷ്ണൻ,ആരണ്യ, പൂർണ എന്നീ ആനകൾക്കും നിരീക്ഷണത്തിലുള്ള കുട്ടിയാനകൾക്കും ഇവരെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ ഭക്ഷണം നൽകി. ഏഴ് കൊമ്പന്മാരും എട്ട് പിടിയാനകളുമാണ് ഇവിടെയുള്ളത്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഐ.എസ്.സുരേഷ് ബാബു, കോട്ടൂർ റേഞ്ച് ഡെപ്യൂട്ടി വാർഡൻ ജി.ആർ.അനീഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺകുമാർ,കുറ്റിച്ചൽ ഗ്രാമപഞ്ചായത്തംഗങ്ങളായ നിസാർ, ശ്രീദേവി സുരേഷ്,രാജേന്ദ്രൻ മലവിള,പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സലിൻ ജോസ്,ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ്.വി.നായർ തുടങ്ങിയവർ പങ്കെടുത്തു.
കൗതുകത്തോടെ വിദ്യാർത്ഥികൾ
ഉത്തരകോട് യു.പി സ്കൂളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾക്ക് ആനയൂട്ട് കൗതുകക്കാഴ്ചയായി. ആനകൾക്ക് ഭക്ഷണം നൽകാൻ അവസരം കിട്ടിയതോടെ വിദ്യാർത്ഥികൾ ആവേശഭരിതരായി. ആനയെ അടുത്തറിഞ്ഞതിന്റെ അദ്ഭുതത്തിലും ആശ്ചര്യത്തിലുമായിരുന്നു കുട്ടികൾ. കോട്ടൂർ ഗവ. യു.പി സ്‌കൂളിലെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസും നൽകി.