ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ആലുവാ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ശിവഗിരിയിൽ സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കുന്ന ആഗോള പ്രവാസി സംഗമത്തോടനുബനധിച്ച് സംഘടിപ്പിക്കും.
ആലുവയിൽ നടന്ന സമ്മേളനത്തിൽ ഹിന്ദുമതം, ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം, യഹൂദ മതം, ആര്യസമാജം, ഫിലോസഫിക്കൽ സൊസൈറ്റി പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു. ശിവഗിരിയിലെ ശതാബ്ദി സമ്മേളനത്തിലും മേല്‍പ്പറഞ്ഞ മതപ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ സംബന്ധിപ്പിക്കും. ആര്യസമാജം, ബ്രഹ്മസമാജം, ഫിലോസഫിക്കൽ സൊസൈറ്റി, ബുദ്ധമതം, യഹൂദമതം തുടങ്ങിയ മതപ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ സെപ്റ്റംബർ 17 നു രാവിലെ നടക്കുന്ന ശതാബ്ദി സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കും. ഹിന്ദു, ക്രിസ്തു, ഇസ്ലാം തുടങ്ങിയ മതങ്ങളുടെ പ്രതിനിധികൾക്കും പങ്കെടുക്കാവുന്നതാണ്. ഗുരുദേവന്റെ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം . മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.