തിരുവനന്തപുരം: ന​ഗരത്തിലെ 54 ആരോഗ്യ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യ വികസനവും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതും പരിഗണിച്ച് തുടർച്ചയായ രണ്ടാം തവണയും നഗരസഭയ്‌ക്ക് ആർദ്രകേരളം പുരസ്‌കാരം.

സംസ്ഥാനത്ത് ആദ്യമായി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുകയും 12 മണിക്കൂർ സേവനം ഉറപ്പാക്കുകയും ചെയ്‌ത മികവും പുരസ്‌കാരത്തിന് പരി​ഗണിച്ചു. 30 കോടിയുടെ വികസനമാണ് ആരോഗ്യമേഖലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയത്. നടപ്പുസാമ്പത്തിക വർഷത്തിൽ പുതുതായി 44 ഹെൽത്ത് ആൻഡ് വെൽനെസ് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ ബഡ്‌ജറ്റിൽ നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭ ഈ മേഖലയിൽ ചെലവഴിച്ചിട്ടുള്ള തുകയും സേവനങ്ങളും സൗകര്യങ്ങളും സംസ്ഥാന തലത്തിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ സംഘം നേരിട്ട് പരിശോധിച്ചും വിലയിരുത്തിയുമാണ് അവാർഡ് നിർണയിച്ചത്.

പദ്ധതികൾ ഇനിയും

പൂർത്തിയാക്കാനുണ്ട്: മേയർ


ആരോഗ്യ മേഖലയിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകും. ഭരണസമിതിയും ജീവനക്കാരും ജനങ്ങളും ചേരുന്ന കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. അവാർഡ് ജനങ്ങൾക്ക്‌ സമർപ്പിക്കുന്നുവെന്നും മേയർ പറഞ്ഞു.