തിരുവനന്തപുരം: യോഗേഷ് ഗുപ്ത സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കേരള സ്റ്റേറ്ര് ബിവറേജസ് കോർപ്പറേഷൻ സി.എം.ഡിയായി ഹർഷിത അട്ടല്ലൂരി ഇന്നലെ ചുമതലയേറ്രു. പൊലീസ് ആസ്ഥാനത്ത് ഐ.ജി ആയി പ്രവർത്തിച്ചുവരികയായിരുന്നു അവർ. ഇന്നലെ രാവിലെ 10 മണിയോടെ ബെവ്കോ ആസ്ഥാനത്ത് എത്തിയ അട്ടല്ലൂരിയെ ജീവനക്കാർ സ്വീകരിച്ചു.
500 കോടി കിട്ടുമെന്ന് പ്രതീക്ഷ
ഓണ മുന്നൊരുക്കത്തിന്
ഭക്ഷ്യവകുപ്പ്, നാളെ യോഗം
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: ധനവകുപ്പ് കൂടുതൽ പണം നൽകുമെന്ന പ്രതീക്ഷയിൽ ഭക്ഷ്യവകുപ്പ് ഓണവിപണിക്കുള്ള മുന്നൊരുക്കം തുടങ്ങി. ഇതിനായുള്ള ടെൻഡർ നാളെ തുറക്കും. മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ഭക്ഷ്യവകുപ്പിന്റേയും സപ്ലൈകോയുടേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേരും.
500 കോടി രൂപ വേണമെന്നാവശ്യപ്പെട്ട് മന്ത്രി വീണ്ടും ധനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് തയ്യാറെടുപ്പുകൾ തുടങ്ങുന്നത്. സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ള 1400 കോടിയിൽ നിന്ന് 500 കോടി തരണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടപ്പോൾ നേരത്തെ അനുവദിച്ചത് 100 കോടി മാത്രമായിരുന്നു. അതിനാലാണ് 500 കോടി വീണ്ടും ആവശ്യപ്പെട്ടത്. ജില്ലാ, താലൂക്ക് കേന്ദ്രങ്ങൾക്കു പുറമേ നിയോജക മണ്ഡലാടിസ്ഥാനത്തിലും, മാവേലിസ്റ്റോറുകളില്ലാത്ത ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിലും ഓണച്ചന്ത തുടങ്ങി വിലക്കുറവിൽ അവശ്യസാധനം ലഭ്യമാക്കാനാണിത്.
ഓണവിപണിയോട് സഹകരിക്കാൻ ടെൻഡറിൽ പങ്കെടുക്കണമെന്ന് വിതരണക്കാരോട് മന്ത്രി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ 650 കോടി നൽകാനുള്ളപ്പോൾ അതിന് സാധിക്കില്ലെന്ന് വിതരണക്കാരിൽ പലരും അറിയിച്ചെങ്കിലും കുറച്ചുപേർ ടെൻഡറിൽ പങ്കെടുത്തു.
സ്പോൺസർമാരെ
ആശ്രയിക്കില്ല
കഴിഞ്ഞ തവണത്തെ പോലെ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ആശ്രയിച്ച് ഓണവിപണി ഒരുക്കില്ല
കുടുംബശ്രീ, മിൽമ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കും
സൂപ്പർ മാർക്കറ്റുകളിലേതു പോലെ സബ്സിഡി ഇതര സാധനങ്ങൾക്ക് പ്രത്യേക ഓഫർ
''ഇത്തവണയും ഓണവിപണിയൊരുക്കുന്നതിന് തടസമുണ്ടാകില്ല. വിശദമായ കാര്യങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും
-ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
@ വഖഫ്ഭേദഗതി ബിൽ
ജെ.പി.സിക്ക് നിവേദനം
നൽകും: വഖഫ് ബോർഡ്
കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ജെ.പി.സിക്ക് (ജോയിന്റ് പാർലമെന്റ് കമ്മിറ്റി) നിവേദനം നൽകുമെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ.സക്കീർ. വഖഫ് നിയമം ഭേദഗതി ചെയ്യേണ്ട സാഹചര്യമില്ല. സംസ്ഥാന വഖഫ് ബോർഡുമായോ, സർക്കാരുമായോ ചർച്ച നടത്തിയിട്ടില്ല. ബിൽ പിൻവലിക്കണമെന്നും കോഴിക്കോട് ചേർന്ന സംസ്ഥാന വഖഫ് ബോർഡ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ പറഞ്ഞു.
ബിൽ തികച്ചും ഏകപക്ഷീയവും സംസ്ഥാന വഖഫ് ബോർഡുകളുടെയും സർക്കാരിന്റെയും അധികാരങ്ങൾ കവരുന്നതുമാണ്. വഖഫുകളുടെ സ്വത്ത്, വരുമാനം തുടങ്ങിയ എല്ലാവിവരങ്ങളും കേന്ദ്ര സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് ബിൽ തയ്യാറാക്കിയിട്ടുള്ളത്. ഭേദഗതിയനുസരിച്ച് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന വഖഫ് ബോർഡ് അംഗങ്ങൾക്ക് പകരം നോമിനേറ്റഡ് അംഗങ്ങളാകും. ഇസ്ലാമിക വിശ്വാസ പ്രകാരം പുണ്യ കർമ്മങ്ങൾക്ക് വേണ്ടി മാറ്റി വച്ചിട്ടുള്ള സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായതിനാൽ ഇസ്ലാംമത വിശ്വാസികളാണ് വഖഫ് ബോർഡ് അംഗങ്ങളായി വരേണ്ടത്. വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം ജില്ലാ കളക്ടർമാർക്ക് നൽകുന്ന പുതിയ നടപടി സങ്കീർണമാക്കും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്ന നടപടികൾ നടക്കുകയാണ്. പുതിയ ഭേദഗതി സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനെ ബാധിക്കും.
വഖഫ് എന്നത് വ്യക്തി പള്ളിയിലേക്ക് ദാനം ചെയ്യുന്ന സ്വത്താണ്. അതിന്റെ ജന്മിയല്ല, സൂപ്പർവൈസ് ചെയ്യുന്ന സമിതി മാത്രമാണ് വഖഫ് ബോർഡ്. വഖഫ് ഭേദഗതി ബിൽ അവലോകനത്തിനായി രൂപീകരിച്ച ജോയിന്റ് പാർലമെന്റ് കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് ആരും ഇല്ലാത്ത് ഗുരുതര വീഴ്ചയാണ്. വാർത്താ സമ്മേളനത്തിൽ പി ഉബൈദുള്ള എം.എൽ.എ, അഡ്വ. എം.ഷറഫുദ്ദീൻ, എം.സി.മായിൻ ഹാജി, റസിയ ഇബ്രാഹിം, പ്രൊഫ.അബ്ദുറഹിമാൻ, രഹന.വി.എം എന്നിവരും പങ്കെടുത്തു.