mruthadeham-veettilethich

കല്ലമ്പലം: പൂല്ലൂർമുക്കിനു സമീപം ഞായറാഴ്ച രാത്രി പത്തുമണിയോടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് യുവാക്കളും നിർദ്ധന കുടുംബങ്ങളുടെ അത്താണികൾ. ന​ഗരൂർ തണ്ണിക്കോണം പണയിൽവീട്ടിൽ നിതിൻബാബു (29), നെടുമ്പറമ്പ് , തോക്കാല പുത്തൻവീട്ടിൽ അനന്ദു (20), തോട്ടയ്ക്കാട് വടകോട്ട്കാവ് അക്ഷയ് ഭവനിൽ അക്ഷയ് (18) എന്നിവരാണ് മരിച്ചത്. ഇതിൽ നിതിൻബാബു തത്ക്ഷണവും മറ്റ് രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജേിലുമാണ് മരിച്ചത്. നിതിൻബാബു തിരുവനന്തപുരത്തെ സ്വകാര്യ ഫ്ലാറ്റ് കെയർ ടേക്കറും, അനന്ദു സാരഥി മോട്ടേഴ്സിലെ ജീവനക്കാരനുമായിരുന്നു. നിതിൻബാബുവിന്റെ കുടുംബം പോങ്ങനാട് ആക്രിക്കട നടത്തിയാണ് ജീവിതം നയിച്ചിരുന്നത്. മറ്റു രണ്ടുപേരുടെയും കുടുംബാം​ഗങ്ങൾ കൂലിപ്പണിക്കാരായിരുന്നു. ഡി.വൈ.എഫ്.ഐ തണ്ണിക്കോണം യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു നിതിൻ ബാബു. നാട്ടിലെ ഏത് കാര്യത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു. കൊവിഡു കാലത്തടക്കം ജനങ്ങൾക്കായി ഓടിനടന്നിരുന്ന നിതിൻബാബുവിന്റെ വിയോ​ഗം നാടിനാകെ നൊമ്പരമായിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് നാലര മണികഴിഞ്ഞാണ് കൊല്ലം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നിതിൻബാബുവിന്റെ തണ്ണിക്കോണത്തെ വീട്ടിലേക്ക് എത്തിച്ചത്.

വൻ ജനാവലിയിൽ അന്ത്യയാത്ര

വൻജനാവലിയാണ് നിതിൻബാബുവിനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയത്. മൃതദേഹം കണ്ട് ആർത്തലച്ച് നിലവിളിക്കുന്ന ബന്ധുക്കളെ സമാശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കുമായില്ല. അതിവൈകാരികമായ രം​ഗങ്ങൾക്കാണ് തണ്ണിക്കോണം സാക്ഷ്യം വഹിച്ചത്. അനന്ദുവിന്റെയും അക്ഷയുടേയും വീടുകളിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മക്കൾ നഷ്ടമായ മാതാപിതാക്കളുടെ നിലവിളി ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. കണ്ടുനിൽക്കാൻ കഴിയാതെ പലരും വിങ്ങിപ്പൊട്ടി.