തിരുവനന്തപുരം:അമീബിക് മസ്‌തിഷ്‌ക ജ്വരം അടക്കമുള്ള മാരക ജലജന്യ രോഗങ്ങൾ പടർന്നുപിടിച്ചിട്ടും ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയിൽ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്‌മ പോരായ്‌മയാകുന്നു. ആരോഗ്യം,ജലവിഭവം,​തദ്ദേശ വകുപ്പുകളുടെ മെല്ലെപ്പോക്കാണ് വില്ലൻ. കിണറുകളിലെ വെള്ളമാണ് നിശ്ചിത ഫീസ് ഈടാക്കി വാട്ടർ അതോറിട്ടിയുടെ ലാബുകളിൽ പരിശോധിക്കുന്നത്. അതേസമയം,​ തോടുകളിലെയും കുളങ്ങളിലെയും വെള്ളം പരിശോധനയ്‌ക്കായി എത്തിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജലാശയങ്ങളിലെ വെള്ളം പരിശോധിക്കാൻ ആരോഗ്യവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആക്ഷേപമുണ്ട്.

മസ്‌തിഷ്‌ക ജ്വരം കണ്ടെത്തിയ നെയ്യാറ്റിൻകര, പേരൂർക്കട,നാവായിക്കുളം എന്നിവിടങ്ങളിലെ സാമ്പിളുകൾ ആരോഗ്യ വകുപ്പിന്റെ പബ്ലിക് ലാബിലാണ് പരിശോധിച്ചത്.എന്നാൽ,ജില്ലയിലെ കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൃത്യമായ ഇടവേളകളിൽ നടക്കുന്നില്ല. മസ്‌തിഷ്‌കജ്വരം, കോളറ തുടങ്ങിയവയുടെ വ്യാപനത്തെ തുടർന്ന് കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചെങ്കിലും ആരോഗ്യവകുപ്പ് മുൻകൈയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

8 ലാബുകൾ

1) വെള്ളയമ്പലം ജില്ലാ ലാബ്

2) ഒബ്സർവേറ്ററി ഹിൽസിലെ നേമം ഉപജില്ലാ ലാബ്

3) ആഴാകുളത്തെ അതിയന്നൂർ ലാബ്

4) ആറ്റിങ്ങൽ വലിയകുന്നിലെ ചിറയിൻകീഴ് ലാബ്

5) വർക്കല പാലച്ചിറയിലെ ലാബ്

6) അരുവിക്കരയിലെ നെടുമങ്ങാട് ഉപജില്ലാ ലാബ്

7) അരുവിക്കര ജലശുദ്ധീകരണശാലകളിലെ ലാബ്

8) ജിക്ക ഉപജില്ലാ ലാബുകൾ

ലാബുകളിൽ പരിശോധിക്കുന്നത്

1) വെള്ളത്തിന്റെ പി.എച്ച് മൂല്യം

2) നിറം, മണം, കലങ്ങൽ

3) രാസവസ്തുക്കളുടെ സാന്നിദ്ധ്യം

4) ​അമ്ളാംശം, ക്ഷാരാംശം, കാഠിന്യം

5) ​ഇരുമ്പിന്റെയും ഫ്ലൂറൈഡിന്റെയും അംശം

6) നൈട്രേറ്റ്

7) കോളിഫോം,ഇ - കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം

8) ഉപ്പുരസം


ജലജന്യ രോഗങ്ങൾ

1) അമീബിക് മസ്‌തിഷ്‌ക ജ്വരം

2) മഞ്ഞപ്പിത്തം

3) ഡിസെന്ററി

4) കോളറ

5) എലിപ്പനി

6) ടൈഫോയ്ഡ്

7) അമീബിയാസിസ്

8) ഷിഗെല്ല