കല്ലമ്പലം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നാവായിക്കുളം ഇടമൺനില പോരേടംമുക്ക് സ്വദേശി ശരണ്യയെ (24) ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ശരണ്യ ഭർത്താവിനും മൂന്ന് കുട്ടികൾക്കും മാതാവിനുമൊപ്പമാണ് താമസം.
വീടിന് സമീപത്തെ ചെറുതോട്ടിലാണ് ഇവർ കുളിക്കുന്നതും വസ്ത്രമലക്കുന്നതും. പനിയും തലവേദനയും കൂടിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 9നാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ശരണ്യയുടെ കുടുംബത്തിലോ അയൽവാസികൾക്കോ രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനാൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. പ്രദേശത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തും.