akshayude-mathavu

കല്ലമ്പലം: പുല്ലൂർമുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മരിച്ച അക്ഷയ്,​ അനന്ദു എന്നിവർ സഹപാഠികളും ഉറ്റ കൂട്ടുകാരുമായിരുന്നു. രണ്ടുപേരുടെയും വീടുകൾ തമ്മിൽ കഷ്ടിച്ച് ഒരുകിലോമീറ്റർ ദൂരമേയുള്ളൂ. ഞായറാഴ്ച അക്ഷയും അനന്ദുവും മറ്റുകൂട്ടുകാരും വൈകിട്ട് വടക്കോട്ടുകാവിൽ ഒത്തുകൂടിയ ശേഷമാണ് പിരിഞ്ഞത്. കല്ലമ്പലത്ത് പോയി വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റെങ്കിലും അക്ഷയും അനന്ദുവും തങ്ങളെ വിട്ടുപോവില്ലെന്നാണ് സുഹൃത്തുക്കൾ വിശ്വസിച്ചിരുന്നത്. എന്നാൽ,​ എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവരുന്നതും കാത്ത് സുഹൃത്തുക്കൾ ഇരുവരുടെയും വീടുകളിലുണ്ടായിരുന്നു. അക്ഷയുടെ മൃതദേഹമാണ് ആദ്യം എത്തിച്ചത്. തൊട്ടുപിന്നാലെ അനന്ദുവിന്റെ മൃതദേഹം എത്തിച്ചു. ഇരുമൃതദേഹങ്ങളും വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.