തിരുവനന്തപുരം: നഗരത്തിലെ പ്രധാന പൈപ്പ് ലൈനിൽ മുട്ടടയിലും അമ്പലമുക്കിലുമുണ്ടായ ചോർച്ച പരിഹരിച്ചെന്ന് വാട്ടർ അതോറിട്ടി. ഇതിനായി റോഡിലെടുത്ത കുഴി ഉടൻ മൂടുമെന്നും ജല അതോറിട്ടി അധികൃതർ അറിയിച്ചു. അതേസമയം, സ്മാർട്ട് സിറ്റി റോഡ് നവീകരണത്തോടനുബന്ധിച്ച് വെള്ളയമ്പലം ആൽത്തറ- മേട്ടുക്കട ഭാഗത്തെ ഇന്റർ കണക്ഷൻ നൽകുന്ന പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഏഴ് ഇന്റർകണക്ഷനാണ് ബാക്കിയുള്ളത്. ഈ പണി ദൈർഘ്യമേറിയതാണ്. പണി നടക്കുന്നുണ്ടെങ്കിലും നിലവിൽ കുടിവെള്ള വിതരണത്തിന് വലിയ തോതിലുള്ള തടസമില്ല.

ജലവിതരണത്തിനായി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് 350 എം.എം ഡി.ഐ പൈപ്പ് സ്ഥാപിച്ചതിനാലാണ് ഇടറോഡുകളിലേക്കുള്ള പണി നീളുന്നത്. ഇതിൽ തൈക്കാട് മ്യൂസിക്ക് കോളേജിന്റെ മുന്നിലും വഴുതക്കാട് ആനി മസ്ക്രീൻ സ്ക്വയറിന്റെ സമീപത്തുമുള്ള ജോലികളും പൂർത്തിയായി. ബാക്കി അഞ്ചെണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. നിലവിലുള്ള കാസ്റ്റ് അയൺ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന ജോലിയാണ് ബാക്കിയുള്ളത്. ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചെങ്കിലും ശിശുവിഹാർ, ഉദാരശിരോമണി റോഡിലെ ഉയർന്ന ഭാഗങ്ങൾ, ഈശ്വരവിലാസത്തിലെ ചില ഭാഗങ്ങൾ, വലിയശാല എന്നിവിടങ്ങളിൽ മതിയായ മർദ്ദത്തിൽ ജലം ലഭിക്കുന്നില്ലെന്ന പരാതി ഇപ്പോഴുമുണ്ട്. ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.