തിരുവനന്തപുരം: നഗരത്തിലെ ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ചേദ്യം ചെയ്തവരെ കുത്തിപ്പരിക്കേല്പിച്ച കേസിൽ കാപ്പാ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കരമന മേലാറന്നൂർ സ്വദേശി വിജയകുമാർ (56), സുമേഷ് (ഉണ്ണി 40) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. ഇതിൽ സുമേഷ് (ഉണ്ണി)​ 2009ൽ കാപ്പാ കേസ് പ്രതിയായിരുന്നു. കണ്ണേറ്റുമുക്ക് സ്വദേശി അലക്സ് ഹോർമിസ്, സുഹൃത്ത് സൂരജ് എന്നിവർക്കാണ് കുത്തേറ്റത്. അലക്സ് ഹോർമിസിനെ മെഡി. കോളേജ് ആശുപത്രിയിലും സൂരജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ വിജയകുമാറും സുമേഷും തൊട്ടടുത്ത ടേബിളിലുള്ളവരുമായി ബഹളമുണ്ടാക്കി. ഇത് അലക്സും സൂരജും ചോദ്യം ചെയ്തു. തങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങളാരെന്ന് ചോദിച്ചായിരുന്നു ആക്രമണം. വിജയകുമാർ കുത്താൻ വേണ്ടി അലക്സിന്റെ കൈ ബന്ധിയാക്കി നൽകി. അലക്സിന്റെ വയറ്റിൽ ആഴത്തിലുള്ള കുത്താണ്. ഇന്നലെ അല്കസിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. അപകട നില തരണം ചെയ്തു. സുരജിന്റെ തോൾ ഭാഗത്താണ് കുത്തേറ്റത്. പൗഡിക്കോണത്ത് കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിന്റെ ചൂടാറും മുമ്പുതന്നെ വീണ്ടും നഗരത്തിൽ കാപ്പാക്കേസ് പ്രതി അക്രമണം കാട്ടിയത്. ഇതോടെ കാപ്പാ കേസ് പ്രതികളെ നിരീക്ഷിക്കുന്നതും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഫോർട്ട് അസി. കമ്മിഷണർ പ്രസാദ്, തമ്പാനൂർ സി.ഐ വി.എം ശ്രീകുമാർ, എസ്‌.ഐമാരായ വിനോദ്, സുനിൽ, സുമിത് എന്നിവരും ഷാഡോ ടീം അംഗം ഉമേഷും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.