വിതുര: പൊൻമുടി വനമേഖലയിൽ മണിക്കൂറുകളോളം കനത്ത മഴപെയ്തതിനെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാകുകയും കല്ലാർ മേഖല ഭീതിയിലാകുകയും ചെയ്തു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി. ബോണക്കാട്, കല്ലാർ വനമേഖലയിലും മഴ തിമിർത്തുപെയ്തു. ഇതോടെ വനത്തിൽനിന്നും പാറകളും മരങ്ങളും ഒഴുകി വാമനപുരം നദിയിലേക്കെത്തി. നദി മണിക്കൂറുകളോളം നിറഞ്ഞൊഴുകി.

മലവെള്ളപ്പാച്ചിലിനെ തുടർന്ന് പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. മക്കിയാറും നിറഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴശക്തി പ്രാപിച്ചതോടെ നദിയിലേക്ക് നീരൊഴുക്ക് വർദ്ധിച്ച് ജലനിരപ്പ് ഉയർന്നു. ഇനിയും മഴ ശക്തിപ്രാപിച്ചാൽ ഡാമിലെ ഷട്ടറുകൾ ഉയർത്തും.

മരങ്ങൾ നിലംപൊത്തി

വനമേഖലയിൽ കാറ്റത്ത് അനവധി മരങ്ങൾ നിലംപൊത്തി. പൊൻമുടി, കല്ലാർ, ആനപ്പാറ, ജഴ്സിഫാം, അടിപറമ്പ് മേഖലകളിൽ കാറ്റത്ത് മരങ്ങൾ ഒടിഞ്ഞുവീണതിനെ തുടർന്ന് ഇലക്ട്രിക് ലൈനുകൾ തകരുകയും വൈദ്യുതിവിതരണം തടസപ്പെടുകയും ചെയ്തു. രണ്ട് ദിവസമായി പൊൻമുടി, ബോണക്കാട് വനമേഖലകളിൽ മഴ കോരിച്ചൊരിയുകയാണ്. മൂന്നുതവണ കല്ലാർ നദിയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിനിടെ ഉരുൾപൊട്ടൽ കിംവദന്തി പരക്കുകയും ചെയ്തിരുന്നു.

ജാഗ്രത പാലിക്കണം

മലവെള്ളപ്പാച്ചിലിന് തൊട്ടുമുൻപ് കല്ലാർ നദിയിൽ കുളിച്ചുകൊണ്ടുനിന്ന യുവാക്കളെ നാട്ടുകാർ കരയ്ക്ക് കയറ്റിയതിനാൽ അപകടം ഒഴിവായി. നദിയിലെ നീരൊഴുക്ക് ഗണ്യമായി ഉയർന്നു.കല്ലാറിൽ കുളിക്കാനിറങ്ങുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.

സംസ്ഥാനപാത വെള്ളത്തിൽ മുങ്ങി

കനത്ത മഴയെ തുടർന്ന് പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങുകയും, ഗതാഗതതടസവും, അപകടങ്ങളും ഉണ്ടാകുകയും ചെയ്തു. മന്നൂർക്കോണം പെട്രോൾപമ്പിനു സമീപം ഉണ്ടായ വെള്ളക്കെട്ടിൽ പതിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. തൊളിക്കോട്, ഇരുത്തലമൂല, പേരയത്തുപാറ, ചേന്നൻപാറ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ വിതുര ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലും റോഡിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസപ്പെട്ടു.

മഴ കനത്താൽ സംസ്ഥാനപാത വെള്ളത്തിൽ മുങ്ങുക പതിവാണ്.അശാസ്ത്രീയമായ റോഡ് നിർമ്മാണപ്രവർത്തനങ്ങൾ മൂലമാണ് മഴയത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത്. മാത്രമല്ല പൊൻമുടി വിതുര ചുള്ളിമാനൂർ റോഡിന്റെ മിക്കഭാഗത്തും ഓടകളും നിർമ്മിച്ചിട്ടില്ല. മഴയായാൽ ചെളിയും മണ്ണും കല്ലും മണലും ഒലിച്ചിറങ്ങി റോഡ് വികൃതമാകും.