നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ പതിവായിട്ടും പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽത്തപ്പി പൊലീസ്. നെയ്യാറ്റിൻകര മൂന്നു കല്ലിൻമൂട്, കുമളി, ആറാലുംമൂട്, അരങ്ങമുകൾ കുടുബക്ഷേത്രം, കൂടില്ലാവീടിനടുത്തുള്ള അമ്പലം, സമീപ്രദേശങ്ങളിലടക്കം കുടുംബ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മോഷണം നടന്നത്.
മോഷണം പരമ്പരയായി
സമുദായ സംഘടനകൾ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങളിലാണ് മോഷണവും മോഷണശ്രമങ്ങളും നടന്നിട്ടുള്ളത്. ചെറിയ ക്ഷേത്രങ്ങളായതിനാൽ ഇവിടങ്ങളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുമില്ല.
ടൗണിൽ നിന്ന് മാറി ഗ്രാമപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ ആൾ സഞ്ചാരവും കുറവുള്ള മേഖലയാണ്. ഇത് മോഷ്ടാക്കൾക്ക് കൂടുതൽ അവസരം ഉണ്ടാക്കുന്നു.
വിവരങ്ങൾ ലഭിക്കാതെ
ക്ഷേത്രത്തിന്റെ പ്രദേശങ്ങളിലുള്ള വീടുകളിൽ ഒന്നും സി.സി.ടിവി ഇല്ല. ഇത് പൊലീസിന്റെ അന്വേഷണത്തിന് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മോഷണം നടന്ന അമ്പലങ്ങളിലെല്ലാം, ഫിംഗർ പ്രിന്റ് എക്സ്പാർട്ട്സ്, എത്തി കൂടുതൽ പരിശോധന നടത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, ദേവിയുടെ ആഭരണങ്ങൾ എന്നിവയും മോഷ്ടിക്കപ്പെട്ടവയിൽ പെടുന്നു.
മോഷ്ടാവിനെ കുറിച്ചോ സഹായിച്ചവരെ കുറിച്ചോ യാതൊരു വിവരവും നെയ്യാറ്റിൻകര പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസിന്റെ പട്രോളിംഗ് രാത്രികാലങ്ങളിൽ ഗ്രാമ പ്രദേശങ്ങളിലും ഉണ്ടാകണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളിൽ ആവശ്യപ്പെടുന്നുണ്ട്.