college

ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ഗുണപരമായ ഇടപെടലുകൾ നല്ല ഫലം നൽകുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ എൻ.ഐ.ആർ.എഫ് റാങ്കിംഗ് തെളിയിക്കുന്നത്. രാജ്യത്തെ മികച്ച നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിനാറെണ്ണം കേരളത്തിലാണ്. മലയാളികൾക്കാകെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനും അഭിമാനിക്കാവുന്ന നേട്ടമാണിത്. പൊതുമേഖലാ സർവകലാശാലകളുടെ റാങ്കിംഗിൽ സംസ്ഥാനത്തെ മൂന്നു സർവകലാശാലകൾ ഇടംപിടിച്ചതും സ്തുത്യർഹമായ നേട്ടമാണ്. സംസ്ഥാനത്തെ ആദ്യത്തേതും ഏറ്റവും പഴക്കം ചെന്നതുമായ കേരള സർവകലാശാല ഒൻപതാം റാങ്ക് നേടിയപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി പത്തും,​ എം.ജി സർവകലാശാല പതിനൊന്നാം റാങ്കും നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥാനം നാല്പത്തിമൂന്നാമതാണ്. മുൻ വർഷത്തെക്കാൾ ഈ സർവകലാശാലകളെല്ലാം റാങ്കിംഗിൽ മുന്നിലെത്തിയിട്ടുണ്ട്.

ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ദേശീയ റാങ്കിംഗിൽ സംസ്ഥാനത്തെ പതിനാറു കോളേജുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. എറണാകുളത്തെ രാജഗിരി കോളേജ് ഇരുപതാം റാങ്കുമായി ഇവയിൽ മുന്നിൽ നിൽക്കുന്നു. രണ്ടാമത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ്. സെന്റ് തെരേസാസ്, സേക്രഡ് ഹാർട്ട് കോളേജുകൾ മുന്നും നാലും സ്ഥാനത്തെത്തി. എൻജിനിയറിംഗ് കോളേജുകളിൽ കോഴിക്കോട് എൻ.ഐ.ടിയാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ആൻഡ് ടെക്നോളജി,​ ഐ.ഐ.ടി, പാലക്കാട് എന്നിവയും ആദ്യ നൂറു സ്ഥാപനങ്ങളിൽ ഇടംപിടിച്ചു. മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ മൂന്നാം റാങ്കുമായി കോഴിക്കോട് ഐ.ഐ.എം സംസ്ഥാനത്ത് ഒന്നാമതാണ്. മെഡിക്കൽ രംഗത്ത് തിരുവനന്തപുരത്തെ ശ്രീചിത്രയാണ് സംസ്ഥാനത്ത് ഒന്നാമത്. തിരുവനന്തപുരം ഗവ. ഡെന്റൽ കോളേജ്, കൊച്ചിയിലെ നാഷണൽ ലാ യൂണിവേഴ്സിറ്റി, തൃശൂരെ കാർഷിക സർവകലാശാല, ആർക്കിടെക്‌ചർ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടി, പനങ്ങാട്ടെ ഫിഷറീസ് സർവകലാശാല എന്നിവയും റാങ്കിംഗിൽ മുന്നിലാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരമനുസരിച്ചാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം അളക്കാറുള്ളത്. ആ നിലയ്ക്കു നോക്കുമ്പോൾ ഇവിടെയുള്ള ഉന്നത പഠന കേന്ദ്രങ്ങളുടെ ശ്രേണിയിലേക്ക് ഇനിയും കൂടുതൽ സ്ഥാപനങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ദേശീയ റാങ്കിംഗിൽ ഉൾപ്പെടാൻ ഭാഗ്യം സിദ്ധിച്ച കോളേജുകളുടെ നിലവാരം പരിശോധിച്ചാൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളാണ് ഈ സ്ഥാപനങ്ങൾക്ക് നേട്ടം സമ്മാനിച്ചതെന്നു കാണാം. സംസ്ഥാനത്തെ ഏറ്റവും സമർത്ഥരായ വിദ്യാർത്ഥികൾ ഉപരിപഠനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അവരുടെ മനസ്സിലെത്തുന്ന സ്ഥാപനങ്ങളാണിവ. പഠന നിലവാരത്തിൽ മാത്രമല്ല പ്ളേസ്‌മെന്റിലും ഇത്തരം സ്ഥാപനങ്ങൾ മുന്നിലാണ്. എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നതുതന്നെ മികച്ച ജോലി ഓഫറുകളുമായിട്ടാകും. കോളേജുകളിൽ ധാരാളം പുതിയ കോഴ്‌സുകൾ രാജ്യമൊട്ടുക്കും ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ,​ സംസ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും ഇന്നും പരമ്പരാഗത കോഴ്സുകൾക്കാണ് പ്രാമുഖ്യം.

പുതിയ കാലത്തിനാവശ്യമായ കോഴ്സുകൾ കണ്ടെത്തി കോളേജുകളിൽ എത്തിക്കുന്നതിൽ യൂണിവേഴ്സിറ്റികളാണ് താല്പര്യമെടുക്കേണ്ടത്. കഴിവും പ്രാഗത്ഭ്യവും ദീർഘവീക്ഷണമുള്ള വി.സിമാരും കീഴ് ഘടകങ്ങളും കാലത്തിനനുസരിച്ചു മാറിയാലേ ഇനിയും ഉന്നത വിദ്യാഭ്യാസ രംഗത്തു നേട്ടങ്ങൾ കൈവരിക്കാനാവൂ. മറ്റു സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകൾ വലിയ പങ്കുവഹിക്കുമ്പോൾ ഇവിടെ ഈ ആശയത്തോടുള്ള അർലജി അവസാനിച്ചിട്ടില്ല. ഉന്നത പഠനം കഴിഞ്ഞെത്തുന്നവർ തൊഴിലിനുവേണ്ടി അലയേണ്ട സ്ഥിതയാണിന്ന്. യോഗ്യതയ്ക്കനുസരിച്ച തൊഴിൽ ഭൂരിപക്ഷത്തിനും വിദൂരസ്വപ്നം മാത്രമാണ്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗത്തിനു പോലും പതിനായിരക്കണക്കിന് ഉന്നത ബിരുദധാരികൾ ഇടിച്ചുകയറുന്നതു അതുകൊണ്ടാണ്. ഈയിടെ നടന്ന പൊലീസ് പാസിംഗ് ഔട്ട് പരേഡ് നോക്കിയാലറിയാം,​ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരാധീനതകൾ. വിദ്യ പകർന്നു നൽകിയതുകൊണ്ടു മാത്രമായില്ല, പഠിച്ചിറങ്ങുന്നവർക്ക് ജീവിക്കാനാവശ്യമായ തൊഴിൽ കൂടി നൽകാൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസം ഫലവത്താകുന്നത്.