വർക്കല: കാർഷിക മേഖലയുടെ വികസനത്തിനായി ഇലകമൺ ഗ്രാമപഞ്ചായത്ത് നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ ഭൂരിഭാഗം പാടശേഖരങ്ങളും തരിശായി കിടക്കുകയാണ്.
ഇലകമൺ,ഹരിഹരപുരം,കിഴക്കേപ്പുറം പാടശേഖരങ്ങൾ തരിശായി തുടരുമ്പോൾ അയിരൂർ ഏലായിൽ മാത്രമാണ് നെൽകൃഷിയുള്ളത്. കൃഷി മുരടിച്ചപ്പോൾ പഞ്ചായത്തിലെ ഏലാത്തോടുകളുടെ കൈയേറ്റം,തോട് സംരക്ഷണ ഭിത്തിയുടെ തകർച്ച തുടങ്ങിയ പ്രതിസന്ധികളും വർദ്ധിച്ചു.തോടുകളുടെ സംരക്ഷണവും പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി.പാടശേഖരങ്ങൾ തരിശായി കിടക്കുന്നതിനാൽ കൃഷിയാവശ്യങ്ങൾക്കുള്ള പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ട്രാക്ടറുകളും മറ്റ് യന്ത്റസാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയാണ്.
വിനോദസഞ്ചാരത്തിന്
വിനോദ സഞ്ചാരത്തിന് ഏറെ സാദ്ധ്യതകളുള്ള ഇലകമൺ,ഹരിഹരപുരം,കിഴക്കേപ്പുറം ഏലാകളിൽ വ്യാപകമായി കൃഷി പ്രോത്സാഹിപ്പിക്കാൻ ഫാം ടൂറിസം പദ്ധതി പഞ്ചായത്തുതലത്തിൽ വിഭാവനം ചെയ്യുന്നുണ്ട്. തരിശ് നിലങ്ങളിൽ കൃഷിയിറക്കുന്നതോടൊപ്പം തോടുകളുടെ നവീകരണവും നടപ്പാത നിർമാണവും സാദ്ധ്യമായാൽ വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാകും.
തോടുകൾ സംരക്ഷിക്കണമെന്ന്
പഞ്ചായത്തിലെ കളത്തറ വാർഡിൽ പുതുവലിൽ നിന്നാരംഭിച്ച് വിവിധ ഏലാകളിലൂടെ ഒഴുകി ഏതാണ്ട് 10 കിലോമീറ്റർ ദൂരം വരെ തോടുകൾ ഒഴുകുന്നുണ്ട്.3 മീറ്റർ ശരാശരി വീതിയുള്ള തോടുകളുടെ പർശ്വഭിത്തികളും നടപ്പാതകളും പലയിടങ്ങളിലും തകർന്നു.മൈനർ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിൽ വരുന്ന തോടുകളുടെ സംരക്ഷണത്തിന് കാര്യമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. പൊട്ടിയ പാർശ്വഭിത്തികളിലൂടെ മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി ജനവാസ മേഖലയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. തരിശായ ഏലാകൾ കൃഷിയുക്തമാക്കാൻ കാർഷിക കർമ്മസേന രൂപീകരണത്തോടെ സാദ്ധ്യമാക്കാൻ കഴിയും. തോട് നന്നാക്കി നടപ്പാത,തടയണ എന്നിവ നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.
മാലിന്യങ്ങൾ തോട്ടിലേക്ക്
പുതുവൽ ഭാഗത്തു നിന്ന് ആരംഭിക്കുന്ന ഏലാതോട്ടിലേക്ക് ആശുപത്രി മാലിന്യം ഉൾപ്പെടെ കലരുന്നതായും ആക്ഷേപമുണ്ട്.കരവാരം ഏറത്തുവാതുക്കൽ റോഡിനു സമീപത്തെ ഏലത്തോടിലേക്ക് നിറ വ്യത്യാസത്തോടെയും ദുർഗന്ധത്തോടെയും മലിനജലം ഒഴുകി ചേരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നിത്യേന കുളിക്കാനും തുണി നനയ്ക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.പഞ്ചായത്ത് ആരോഗ്യ വിഭാഗം ജാഗ്രത കാട്ടണമെന്നും ഈ ഭാഗത്തെ ജലം അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വർഷാവർഷം ബഡ്ജറ്റിൽ ഊന്നൽ നൽകുന്നുണ്ട്.എന്നാൽ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ല.
വിനോജ് വിശാൽ,
ഇലകമൺ ഗ്രാമപഞ്ചായത്തംഗം
ഫോട്ടോ: ഇലകമൺ ഏലാത്തോട്