vld-1

വെള്ളറട: ഭിന്നശേഷി ചികിത്സയിൽ കാരക്കോണം ഡോ.സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജിന് അപൂർവനേട്ടം. ആശുപത്രിയിൽ പി.എം.ആർ വകുപ്പിന്റെ കീഴിൽ ഒക്യൂപേഷണൽ തെറാപ്പി ശിശുരോഗ മനോരോഗ വകുപ്പുകളുടെ ചികിത്സയിലായിരുന്ന രണ്ടു ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കലാം വേൾഡ് റെക്കാഡ് ലഭിച്ചത്.


ചായ്ക്കോട്ടുകോണം സ്വദേശി പി.വിനു, എൻ.ആർ,ആൻസി ദമ്പതികളുടെ മകൻ അലൻ (8), സൈനികനായിരുന്ന നെയ്യാറ്റിൻകര സ്വദേശി ആർ.മധു, വൈ.ബ്യൂലാറാണി ദമ്പതികളുടെ ഇളയമകനായ അനക്സ് എബ്രഹാം (15) എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ ഇവർക്ക് നല്ല മാറ്റങ്ങളുണ്ട്.

അഞ്ച് മിനിറ്റ് 52 സെക്കൻഡുകൾക്കിടയിൽ പാറ്റേൺ റിക്കഗ്‌നിഷൻ ആക്ടിവിറ്റിക്കുകീഴിൽ 600 ഡോട്സുകളിലൂടെ 12 പാറ്റേൺ പൂർത്തിയാക്കാൻ കഴിഞ്ഞു. അനക്സ് എബ്രഹാം പത്ത് മിനിറ്റിനുള്ളിൽ 27 പ്രാവശ്യം ഇടതടവില്ലാതെയും പരസഹായമില്ലാതെയും ഇരുന്നും മലർന്നുകിടന്നും വീണ്ടും അത് ആവർത്തിച്ചുകൊണ്ടുമുള്ള (ക്രഞ്ചസ് ) പ്രക്രിയ പൂർത്തിയാക്കുകയും ചെയ്തതാണ് ആശുപത്രിക്ക് അപൂർവ്വ നേട്ടത്തിന് ഇടയാക്കിയതെന്ന് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം പറഞ്ഞു.

മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്.ബാബുരാജ്, പ്രിൻസിപ്പൽ ഡോ. അനുഷ മെർലിൻ, ഫിസിക്കൽ മെഡിസിൻ അസി. പ്രൊഫ. ഡോ.ഹീര ഹെൽസ, ഓക്യൂപേഷണൽ തെറാപ്പിസ്റ്റ് അസി. പ്രൊഫസർമാരായ അരുൾ കിംഗ്, ഗിഫ്റ്റ്സൺ അലക്സ്, റവ. സുശീൽ തുടങ്ങിയവർ സംസാരിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ കുട്ടികൾക്കും ആശുപത്രിക്കുമുള്ള അവാർഡുകൾ കൈമാറി.