koikkal-mandapa-kettu

ആറ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിന്റെ മുഖമണ്ഡപമായ മണ്ഡപക്കെട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ. മേൽക്കൂരയുടെ നവീകരണവും തറയുടെ ജോലികളും പൂർത്തിയായി. ബാക്കിയുള്ള പണികളാണ് നിലച്ചത്. നവീകരണം തുടങ്ങി മൂന്നുവർഷമായിട്ടും പണി പൂർത്തിയാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ച് കൊട്ടാരവും എടുപ്പുകളും പൈതൃക സ്മാരകമാക്കി സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ 2020- 2021ലെ ബഡ്ജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിരുന്നു. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ സംരക്ഷണജോലികൾ ആരംഭിക്കാനും വൈകി. ഇതിനിടയിൽ മണ്ഡപക്കെട്ടിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു. തുടർന്ന് നവീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി 2021 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്.കൊവിഡിനെ തുടർന്ന് അറ്റകുറ്റപ്പണികൾ മുടങ്ങിയതോടെ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

നവീകരണം ആരംഭിച്ചത് - 2021ൽ

ചെലവ് - 1.07 കോടി രൂപ (പുരാവസ്തു വകുപ്പ്)

കെട്ടിടം നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിനും

700 വർഷം പഴക്കം

കേരളീയ വാസ്തുശില്പ കലയിലാണ് കോയിക്കൽ കൊട്ടാരത്തിലെ മണ്ഡപക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കല്ലും മരവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. എട്ടുക്കെട്ടിന്റെ മാതൃകയിൽ നിർമിച്ചിട്ടുള്ള ഇതിന് 700 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രരേഖകൾ പറയുന്നു.

നടന്നത്

മേൽക്കൂര പൂർണമായും പൊളിച്ചുനീക്കാതെ തകർന്നഭാഗവും ബലക്ഷയം വന്നിട്ടുള്ള ഭാഗങ്ങളും പുതിതായി നിർമ്മിച്ചു.നേരത്തേയുണ്ടായിരുന്ന ഓടുകൾ ഭൂരിഭാഗവു മാറ്റി.നിലത്ത് കരിങ്കല്ല് പാകി മിനുസപ്പെടുത്തി.എന്നാൽ തുടർന്ന് പണികളൊന്നും മുന്നോട്ടു നീങ്ങിയില്ല.

നാടിന്റെ പൈതൃക സ്വത്തായ കോയിക്കൽ കൊട്ടാരത്തിന്റെ മണ്ഡപക്കെട്ട് അടിയന്തരമായി പണികൾ പൂർത്തിയാക്കി സംരക്ഷിക്കണം.

ആർ.എസ്.പ്രശാന്ത്,പ്രസിഡന്റ് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി