nh-47

പാറശാല: കരമന-കളിയിക്കാവിള ദേശീയപാത പുനരുദ്ധാരണം കുറ്റമറ്റതാവണം എന്ന ആവശ്യം ശക്തമാവുന്നു. ദേശീയപാതയുടെ കരമന മുതൽ ബാലരാമപുരം വരെയുള്ള ഭാഗം നാലുവരിയാക്കിയെങ്കിലും അപകടങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. പാതയുടെ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള ഭാഗം നാലുവരിയാക്കി പുനർനിർമ്മിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ ഭാഗികമായി പൂർത്തിയായിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള ടെൻഡർ നടപടികളും മറ്റും മാറ്റിവയ്ക്കുന്നത് കാരണം പദ്ധതി വീണ്ടും നീളുകയാണ്.

എന്നാൽ പുതിയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കുമെന്ന് സർക്കാർ പറയുന്നതോടൊപ്പം പഴയ പാതയുടെ ഇരുവശത്തുമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയുമാണ്. പഴയ പാതയ്ക്ക് ഇരുവശങ്ങളിലും അമരവിള മുതൽ പരശുവയ്ക്കൽ ഇടിച്ചക്കപ്ലാമൂട് വരെ രണ്ടടിയോളം വീതിയിൽ കോൺക്രീറ്റ് ചെയ്ത് റോഡ് വീതികൂട്ടുന്ന നടപടികൾ തുടർന്നുവരികയാണ്.

തലതിരിഞ്ഞ പ്രവർത്തനം

കഴിഞ്ഞ ഒരു വർഷത്തിനു മുൻപ് കോടികൾ ചെലവാക്കി ബാലരാമപുരം മുതൽ പാറശാല വരെ റോഡിനിരുവശത്തും ഇന്റർലോക്കുകൾ സ്ഥാപിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ അവ മണ്ണിനടിയിൽ പുതഞ്ഞു. അതിന് മുൻപ് തകർന്ന നിലയിലായിരുന്ന റോഡിൽ സീബ്രാലൈനുകൾ മറ്റും സ്ഥാപിച്ചതും ടാറിംഗിനെ തുടർന്ന് അടിയിലായി. ഒപ്പം ഇരുവശത്തുമായി സ്ഥാപിച്ച ട്രാഫിക് ബോർഡുകളും ഇളക്കിയതിനാൽ തലകീഴായ നിലയിൽ തെറ്റായ സന്ദേശം നൽകുന്നതായി തുടരുകയാണ്. എന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

ലൈറ്റുകൾ അണഞ്ഞുതന്നെ

ദേശീയപാത പുനരുദ്ധാരണങ്ങളുടെ ഭാഗമായി പാറശാല മുതൽ നെയ്യാറ്റിൻകര വരെ റോഡിന് ഇരുവശത്തുമായി സ്ഥാപിച്ച കൂറ്റൻ ലൈറ്റുകൾ കത്താതെ മൂന്ന് വർഷത്തോളമായി തുടരുകയാണ്. ഒരു വർഷം മുൻപ് വരെ തകർന്ന് തരിപ്പണമായി കിടന്ന ദേശീയപാത ടാർ ചെയ്തതോടെ നാട്ടുകാർക്ക് കുഴികളിൽ വീഴാതെ സഞ്ചരിക്കാം എന്നത് മാത്രമായി ആശ്വാസം.

നാലുവരിപ്പാതയുടെ നിർമ്മാണം നീളുമ്പോഴാണ് നിലവിലെ രണ്ടുവരിപ്പാതയിൽ കോടികൾ ചെലവഴിച്ചുള്ള ഓട പുനരുദ്ധാരണവും വീതികൂട്ടലും തുടരുന്നത്.