വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ശുപാർശ ചെയ്യപ്പെട്ട പദ്ധതികളിലൊന്നായ വെഞ്ഞാറമൂട് ഇന്നർ റിംഗ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത 1.28 കിലോമീറ്റർ റോഡിന്റെ ഇരുവശത്തുമുള്ള നിർമ്മാണങ്ങൾക്ക് ഈ ആഴ്ച പൊളിച്ചു തുടങ്ങും.റോഡിന്റെ ഇരുഭാഗത്തുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയേറ്റെടുക്കുന്നതിനായി 9.1 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്.

റോഡ് നിർമ്മാണത്തിനായുള്ള 6.43 കോടി രൂപയുടെ പദ്ധതിക്കും അനുമതിയായിട്ടുണ്ട്.കിഫ്ബിയിൽ നിന്ന് സാങ്കേതികാനുമതി കൂടി ലഭിച്ചാലുടൻ റോഡ് പ്രവ‌ൃത്തിയുടെ ടെൻഡർ നടപടികൾ ആരംഭിക്കും.8.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം നടത്തുന്നത്.

നിർമ്മാണം പൂർത്തിയാകുന്നതോടെ എം.സി റോഡിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്ന് നെടുമങ്ങാട് ആറ്റിങ്ങൽ ഭാഗങ്ങളിലേക്കും തിരിച്ചും വാഹനങ്ങൾക്ക് സുഗമമായി തിരിഞ്ഞു പോകാൻ കഴിയും.ഡി.കെ.മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് സെക്രട്ടറി,കിഫ്ബി,കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് റോഡ് നിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ തീരുമാനമായത്.