നെടുമങ്ങാട്: ചാറ്റൽമഴ മതി, കൊല്ലങ്കാവ് ജംഗ്ഷൻ വെള്ളക്കെട്ടിലമരും. റോഡേത്, ഓടയേതെന്ന് അറിയാൻ കഴിയാതെ വാഹനങ്ങൾ കുടുങ്ങും.
തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ പഴകുറ്റിക്കും ആനാടിനും ഇടയ്ക്കുള്ള കൊല്ലങ്കാവ് ജംഗ്‌ഷൻ കൊടും വളവാണ്. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കടന്നുപോകാൻ നന്നേ പ്രയാസമാണ്. ഒരുഭാഗത്ത് മെറ്റൽ പാടെയിളകി വലിയ ഗട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്. മാലിന്യമടിഞ്ഞു നികന്ന ഓടയുടെ വിള്ളൽ വീണ സ്ളാബുകൾക്കിടയിൽ വഴിയാത്രക്കാരുടെ കാൽ കുടുങ്ങി പരിക്കേൽക്കുന്നതും പതിവായിട്ടുണ്ട്. ഓടകളിൽ മാലിന്യം നിറഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഒഴുക്കിവിടുന്ന മലിനവസ്തുക്കൾ അടിഞ്ഞാണ് ഓട അടഞ്ഞതെന്ന് ആക്ഷേപമുണ്ട്.
തിരിഞ്ഞു നോക്കാതെ
ഒരുഭാഗം നെടുമങ്ങാട് നഗരസഭയും മറുവശം ആനാട് ഗ്രാമപഞ്ചായത്തുമാണ്. മാലിന്യം നീക്കി ഓടയിൽ നീരൊഴുക്ക് സുഗമമാകുന്നതിന് ബന്ധപ്പെട്ടവർ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. പി.ഡബ്ലിയു.ഡി റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ല.
യാത്രികരുടെ പേടിസ്വപ്നം
പൊൻമുടി ഹൈവേ പുനരുദ്ധാരണത്തിന്റെ ഭാഗമായി വിതുര മുതൽ ചുള്ളിമാനൂർ വരെ നവീകരണം പൂർത്തിയാവുമ്പോൾ, കൊല്ലങ്കാവ് ഭാഗത്തെ ദുർഘടാവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പഴകുറ്റി വരെ സ്ഥലം മാർക്ക് ചെയ്തിട്ടുണ്ടെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ, മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. എത്രയുംവേഗം ഓടയിലെ മാലിന്യം നീക്കം ചെയ്ത് ജംഗ്‌ഷനിലെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.